സോള്‍, ഉത്തരകൊറിയ: രാജ്യത്തെ യോങ്‌ബ്യോണ്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ തങ്ങള്‍ പുന:പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായും, എപ്പോള്‍ വേണമെങ്കിലും അമേരിക്കയ്‌ക്കെതിരെ ആണവായുദ്ധം പ്രയോഗിക്കാന്‍ തയ്യാറാണെന്നും ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണാധികാരിയും, വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ കിം ജോങ് ഉന്‍, പാര്‍ട്ടിയുടെ 70ാം വാര്‍ഷികം തങ്ങള്‍ ലോങ് റേഞ്ച് റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ആഘോഷിക്കാന്‍ പോകുകയാണെന്നു പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് പുതിയ റിപ്പോര്‍ട്ട്.
യോങ്‌ബ്യോണിലുള്ള യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ത്ത യു.എസിലും, ഉത്തരകൊറിയയുടെ അയല്‍രാജ്യമായ ദക്ഷിണകൊറിയയിലും അസ്വസ്ഥതയുളവാക്കിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലുമുണ്ടായേക്കാവുന്ന ആണവായുധപ്രയോഗത്തെ ചെറുക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണമേന്മയേറിയ ധാരാളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള വ്യഗ്രതയിലാണ് കൊറിയ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്രമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2007ല്‍ അടച്ചുപൂട്ടിയതാണ് യോങ്‌ബ്യോണ്‍ ആണവനിലയം. യു.എസ്, ചൈന, റഷ്യ, ജപ്പാന്‍, ദക്ഷിണ-ഉത്തര കൊറിയകള്‍ എന്നീ ആറു രാഷ്ട്രങ്ങളായിരുന്നു അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ പിന്നീട് 2013 ഫെബ്രുവരിയില്‍ ആണവപരീക്ഷണം നടത്തിക്കൊണ്ട് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോകുകയാണെന്ന് ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.
2012 അവസാനത്തോടെ റോക്കറ്റ് വിക്ഷേപണം നടത്തിക്കൊണ്ട് ബഹിരാകാശനിരീക്ഷണപദ്ധതികള്‍ക്കും ഉത്തരകൊറിയ തുടക്കമിട്ടിരുന്നു. സമാധാനപരമായ ഇത്തരം പദ്ധതികള്‍ തങ്ങളുടെ അവകാശമാണെന്ന് കൊറിയ അന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങളാണിവ എന്നാണ് അമേരിക്കയും ദക്ഷിണകൊറിയും ഇവയെ വ്യാഖ്യാനിക്കുന്നത്. ഇപ്പോഴത്തെ പുതിയ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ നിലപാട്.