കണ്ണൂരില്‍ എ.ടി.എം തകര്‍ത്ത് മോഷണം; മൂന്ന് പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
Kerala News
കണ്ണൂരില്‍ എ.ടി.എം തകര്‍ത്ത് മോഷണം; മൂന്ന് പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 11:57 pm

കണ്ണൂര്‍: ജില്ലയില്‍ എ.ടി.എം തകര്‍ത്ത് പണം കവരുന്ന സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂരിലെ കണ്ണുപുരത്തെ എ.ടി.എം തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ മൂന്ന് ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്.

ഹരിയാന സ്വദേശികളായ നൗമാന്‍ (36), മുവീന്‍ (35), സൂജദ് (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 21 ാം തിയ്യതിയായിരുന്നു സംഭവം. പുലര്‍ച്ചെ ഒരു മണിക്ക് കല്യാശ്ശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകള്‍ തകര്‍ത്ത് കാശ് കവരുകയായിരുന്നു.

24 ലക്ഷം രൂപയോളമാണ് ഇവര്‍ കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു മോഷണം. പ്രതികളില്‍ നിന്ന് 16 ലക്ഷം രൂപയുടെ അടുത്ത് പിടികൂടിയിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളെ ഹരിയാനയില്‍ നിന്നായിരുന്നു പിടികൂടിയത്. കവര്‍ച്ചയ്ക്ക് ആയി ഒരു ബോലേറോ വാഹനമായിരുന്നു ഉപയോഗിച്ചത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ഒരു കണ്ടെയ്‌നര്‍ സംബന്ധിച്ച് സംശയം ഉയരുകയായിരുന്നു.

തുടര്‍ന്നാണ് അന്വേഷണം ഹരിയാനയിലെത്തിയത്. പഴയ എ.ടി.എമ്മുകള്‍ ലേലത്തില്‍ എടുത്ത് അത് പൊളിച്ചായിരുന്നു പ്രതികള്‍ മോഷണം പരിശീലിച്ചിരുന്നത്.

എ.ടി.എം കൗണ്ടറുകളെ കുറിച്ചുള്ള സൂചനകള്‍ കണ്ടെയ്‌നര്‍ ട്രക്ക് ഡ്രൈവറായ നൗമാന്‍ ആയിരുന്നു സംഘത്തിന് നല്‍കിയിരുന്നത്.

കണ്ണൂര്‍ എ.സി.പി, പി.പി ബാലകൃഷണന്റെ നേതൃത്വത്തില്‍ കണ്ണപുരം ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ സി.എം, എസ്.ഐ റാഫി അഹമ്മദ്, മഹിജന്‍, എ.എസ്.ഐ മനീഷ്, നികേഷ്, സതീശന്‍, അജിത്ത് സി, മഹേഷ് സി.പി, മിഥുന്‍ പി.സി, സുജിത് കെ.പി തുടങ്ങിയവരാണ് പ്രതികളെ പിടി കൂടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  ATM theft in Kannur; Kerala police nab three accused from Haryana