| Tuesday, 23rd January 2018, 7:53 am

കോഴിക്കോട്ട് വീണ്ടും എ.ടി.എം തട്ടിപ്പ്; മെഷീന്‍ ഓഫാക്കിയും നെറ്റ്‌വര്‍ക്ക് വിച്ഛേദിച്ചും കവര്‍ന്നത് 1,49,000 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എ.ടി.എം മെഷീന്‍ ഓഫാക്കിയും നെറ്റ്‌വര്‍ക്ക് വിച്ഛേദിച്ചും കോഴിക്കോട്ടെ എ.ടി.എമ്മില്‍ നിന്ന 1,49,000 കവര്‍ന്നതായി റിപ്പോര്‍ട്ട്. സ്‌കിമ്മര്‍ ഉപയോഗിച്ചുള്ള എ.ടി.എം തട്ടിപ്പിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തില്‍ നിന്നും പുതിയ എ.ടി.എം തട്ടിപ്പ് നടന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. ബാങ്കിന്റെ താല്‍ക്കാലിക് അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടന്നത്.

കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് തട്ടിപ്പുനടന്നിരിക്കുന്നത്. ആറുതവണയായി 1,49,000 രൂപയാണ് എ.ടി.എമ്മില്‍ നിന്നും കൃത്രിമമായി പിന്‍വലിക്കപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാലുപേരുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ പരാതി നല്‍കിയതായി കോഴിക്കോട് ടൗണ്‍ എസ്.ഐ. കെ. ശംഭുനാഥ് അറിയിച്ചു.

വിവിധ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എ.ടി.എമ്മിന്റെ കണക്ടിവിറ്റി വിച്ഛേദിച്ച് മെഷീന്‍ ഓഫാക്കിയാണ് തട്ടിപ്പുനടത്തിയത്. പണമെത്തുന്ന സമയത്തുതന്നെ മെഷീന്‍ ഓഫാക്കിയതിനാല്‍ വ്യക്തിഗത അക്കൗണ്ടുകള്‍ക്കുപകരം ബാങ്കിന്റെ താത്കാലിക അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

താത്കാലിക അക്കൗണ്ടില്‍ നിന്നും പണം പോയതിനാല്‍ തന്നെ ഇടപാടുകാര്‍ ആരും പരാതിയുമായി രംഗത്തെത്താത്തതിനാല്‍ സംഭവം പുറത്തറിയാന്‍ വൈകുകയായിരുന്നു. ബാങ്ക് അധികൃതര്‍ എ.ടി.എം. ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വാര്‍ത്ത പുറത്തറിയുന്നത്.

ഡിസംബര്‍ 20 നു 40,000 രൂപയാണ് വര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് ജനുവരി 13 നു രണ്ടുതവണയായി 39,500 രൂപ വീതവും ഒരു തവണ പതിനായിരം രൂപയും പിന്‍വലിച്ചു. ജനുവരി 20-ന് രണ്ടുതവണയായി പതിനായിരം രൂപ വീതവും പിന്‍വലിക്കുകയായിരുന്നു.

നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍ നിന്നായിരുന്നു സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്നത്. എ.ടി.എം. കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറവെച്ച് രഹസ്യനമ്പര്‍ മനസ്സിലാക്കി സ്‌കിമ്മര്‍ ഉപയോഗിച്ച് ഡേറ്റാകാര്‍ഡ് വിശദാംശങ്ങള്‍ പകര്‍ത്തുകയും ഇവ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാര്‍ഡ് നിര്‍മിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു അന്ന്.

We use cookies to give you the best possible experience. Learn more