| Sunday, 11th September 2016, 3:03 pm

ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയിലേക്ക് കടന്നതിനു പിന്നാലെ എ.ടി.എമ്മുകള്‍ കാലി; പണം നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്കായി ഇന്നലേയും ഇന്നുമായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എ.ടി.എമ്മുകള്‍ കാലിയാവുന്നതിന് കാരണമായത്.


കൊച്ചി: ഓണം, ബക്രീദ് വിശേഷദിവസങ്ങള്‍ പ്രമാണിച്ച് ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയിലേക്ക് കടന്നതിനു പിന്നാലെ സംസ്ഥാനത്തെ പല എ.ടി.എമ്മുകളും കാലിയായി.

ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എ.ടി.എമ്മുകളിലുമാണ് ഇന്ന് രാവിലെയോടെ പണം തീര്‍ന്നത്. ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്കായി ഇന്നലേയും ഇന്നുമായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എ.ടി.എമ്മുകള്‍ കാലിയാവുന്നതിന് കാരണമായത്.

രണ്ടാം ശനിയാഴ്ചയായ ഇന്നലെ അടച്ചിട്ട ബാങ്കുകള്‍ ഇനി ബക്രീദും ഓണാവധികളും കഴിഞ്ഞ് വ്യാഴാഴ്ച മാത്രമേ തുറക്കൂവെന്നതിനാല്‍ പൊതുജനത്തിന് ഇത് കാര്യമായ പ്രയാസം സൃഷ്ടിച്ചേക്കും.

അതേസമയം പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി എ.ടി.എമ്മുകളില്‍  പണമെത്തിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ എ.ടി.എമ്മുകളില്‍ പണം നിറയ്‌ക്കേണ്ട ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കാണെന്നും ബാങ്കുകള്‍ അവധിയായാലും എ.ടി.എമ്മില്‍ പണം നിറയ്ക്കുവാന്‍ വേണ്ട നിര്‍ദേശം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ബാങ്കുകളുടെ ഭാഷ്യം.

We use cookies to give you the best possible experience. Learn more