ന്യൂദല്‍ഹി: രാജ്യത്ത് എ.ടി.എം കൗണ്ടറുകളും ഡെബിറ്റ് കാര്‍ഡുകളും അപ്രസക്തമാകാന്‍ നാലു വര്‍ഷം കൂടിയൊള്ളൂവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. സാമ്പത്തിക ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
“ജനസംഖ്യയില്‍ 72 ശതമാനവും 32 വയസ്സില്‍ താഴെയുളളവരുള്ള ലോകത്തെ ഏകരാജ്യമാണ് ഇന്ത്യ. ഇത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. 2040 വരെ ഇന്ത്യയുടെ ജനസംഖ്യ ഊര്‍ജസ്വലമായി തുടരും.”
അതേസമയം 2040 ആകുമ്പോഴേക്കും യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യ പ്രായാധിക്യത്തിലേക്ക് കടന്നിട്ടുണ്ടാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രതിവര്‍ഷം 7.5 എന്ന നിരക്കിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരുന്നത്. ഇത് 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ‘ഒടുവില്‍ അതും സ്വന്തം’; സ്വപ്‌ന സാക്ഷാത്കാരവുമായി ധോണി
ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ജനസംഖ്യാപരിവര്‍ത്തനത്തിന്റെ ജാലകത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.