| Sunday, 23rd May 2021, 8:06 am

ആറു സീസണുകളുടെ കാത്തിരിപ്പിനൊടുവില്‍ ലാ ലിഗ കിരീടമുയര്‍ത്തി അത്‌ലറ്റിക്കോ മാഡ്രിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

മഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ചാമ്പ്യന്‍മാര്‍. ലീഗിലെ അവസാന മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ ലാ ലിഗ കിരീടം നേടിയത്. ആറു സീസണുകളുടെ കാത്തിരിപ്പിനൊടുവിലാണ് അത്‌ലറ്റിക്കോ ലാ ലിഗ ചാമ്പ്യന്‍മാരാകുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയല്‍ മാഡ്രിഡ് വിയ്യാറയലിനെതിരെ ജയിച്ചെങ്കിലും കിരീടം നേടാനായില്ല.

38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം. അത്‌ലറ്റിക്കോയുടെ 11ാം ലാ ലിഗ കിരീടമാണിത്. റയലിന് 84 പോയിന്റാണ്. 79 പോയിന്റുള്ള ബാഴ്സലോണയാണ് മൂന്നാം സ്ഥാനത്ത്.

അവസാന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തിരിച്ചുവരവ്. 8ാം മിനിറ്റില്‍ തന്നെ ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ലീഡെടുത്തത്. 57ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്. അവസാന മത്സരത്തില്‍ അത്ലറ്റിക്കോ പരാജയപ്പെട്ടിരുന്നെങ്കില്‍ ജയത്തോടെ റയലിന് കിരീടമുയര്‍ത്താമായിരുന്നു.

വിയ്യാറയലിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ ജയം. 20ാം മിനിറ്റില്‍ യരേമി പിനോ വിയ്യറയലിന്റെ ആദ്യഗോള്‍ നേടി. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ കരീം ബെന്‍സേമ റയലിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് ലൂക്ക മോഡ്രിച്ചും ഗോള്‍ നേടിയതോടെ ജയം റയലിനൊപ്പമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS : Atletico Madrid win La Liga 2021

We use cookies to give you the best possible experience. Learn more