ഖത്തറില്‍ കാണിച്ച പ്രകടനമൊന്നും ക്ലബ്ബില്‍ ഇല്ല; അര്‍ജന്റൈന്‍ താരത്തെ വില്‍ക്കാനൊരുങ്ങി മാഡ്രിഡ്
Football
ഖത്തറില്‍ കാണിച്ച പ്രകടനമൊന്നും ക്ലബ്ബില്‍ ഇല്ല; അര്‍ജന്റൈന്‍ താരത്തെ വില്‍ക്കാനൊരുങ്ങി മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd January 2023, 9:22 am

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ റോഡ്രിഗോ ഡി പോള്‍. എന്നാല്‍ നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ അത്‌ലെറ്റികോ മാഡ്രിഡിനായി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിനായിട്ടില്ല. ഇത് അത്‌ലെറ്റികോ മാഡ്രിഡിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ലോകകപ്പ് കഴിഞ്ഞതിന് ശേഷം ആകെ ഒരു മത്സരത്തില്‍ മാത്രമാണ് ഡി പോള്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ ആദ്യ ഇലവനില്‍ ഇറങ്ങിയിരിക്കുന്നത്. മാഡ്രിഡിന്റെ തുടര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ താരത്തിന്റെ ക്ലബിലെ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.

അത്‌ലെറ്റികോ മാഡ്രിഡ് അടുത്ത സീസണിലേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും പുതിയ ട്രാന്‍സ്ഫറിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

സ്പാനിഷ് മാധ്യമമായ റ്റോഡോഫിച്ചാജെസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രഞ്ച് ക്ലബായ റെന്നസിന്റെ മധ്യനിര താരമായ ലോവ്റോ മായറെ സൈന്‍ ചെയ്യിക്കാന്‍ അത്‌ലറ്റികോ മാഡ്രിഡ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ലോകകപ്പില്‍ ക്രൊയേഷ്യക്കു വേണ്ടി ഒരു മത്സരത്തില്‍ ഒഴികെ എല്ലാറ്റിലും താരം കളത്തിലിറങ്ങുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ലൂക്ക മോഡ്രിച്ചിന്റെ പിന്‍ഗാമിയായാണ് മായര്‍ അറിയപ്പെടുന്നത്.

അതേസമയം സ്‌പെയിനില്‍ തുടരാന്‍ ഡി പോളിന് താത്പര്യം കുറവാണെന്നും അത്‌ലറ്റികോ മാഡ്രിഡ് വില്‍ക്കുകയാണെങ്കില്‍ ഇറ്റലിയില്‍ നിന്നുള്ള ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ തന്റെ പഴയ തട്ടകത്തിലേക്ക് ഡി പോള്‍ തിരിച്ചു പോകുമെന്നാണ് സൂചന.

അര്‍ജന്റീന തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റോഡ്രിഗോ ഡി പോള്‍. കോപ്പ അമേരിക്ക ഫൈനലില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഒരേയൊരു ഗോളിന് അസിസ്റ്റ് നല്‍കിയ താരം ടീമിന്റെ മധ്യനിരയിലെ എഞ്ചിനായാണ് അറിയപ്പെടുന്നത്.

ലയണല്‍ മെസിയെ വളരെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കുന്ന താരം പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ പദ്ധതികളില്‍ പ്രധാനിയാണ്.

Content Highlights: Atletico Madrid will release Rodrigo De Paul