കായികലോകത്തെ മലിനമാക്കുന്ന വംശീയത പ്രകടമാക്കി ചില അത്‌ലറ്റിക്കോ ആരാധകര്‍. അത്‌ലിറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന മത്സരത്തിലാണ് റയലിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടന്നത്.
വിനീഷ്യസ് ജൂനിയറുടെ ഡാന്‍സിനെതിരെ സ്പാനിഷ് ഫുട്ബോള്‍ ഏജന്റുമാരുടെ പ്രസിഡന്റായ പെഡ്രോ ബ്രാവോ നടത്തിയ ‘കുരങ്ങന്‍’ അധിക്ഷേപം ആവര്‍ത്തിച്ചാണ് അത്‌ലറ്റിക്കോ ഫാന്‍സ് എത്തിയത്.
അത്‌ലറ്റിക്കോയുടെ സ്‌റ്റേഡിയമായ വാണ്ട മെട്രോപൊളിറ്റിനായില്‍ വെച്ചായിരുന്നു മത്സരം നടന്നത്. സ്റ്റേഡിയത്തിന് പുറത്തുവെച്ച് തന്നെ വംശീയവാദികള്‍ അധിക്ഷേപം ആരംഭിച്ചിരുന്നു. വലിയ ഗ്രൂപ്പായിട്ടായിരുന്നു ഇവര്‍ വിനീഷ്യസിനെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.
വിനീഷ്യസ് ഒരു കുരങ്ങനാണ് എന്നായിരുന്നു ഇവര്‍ ആക്രോശിച്ചുകൊണ്ടിരുന്നത്. സ്‌റ്റേഡിയത്തിലേക്ക് കയറിയ ശേഷവും കളി നടന്നുകൊണ്ടിരിക്കുമ്പോഴും ഇവര്‍ അധിക്ഷേപം തുടര്‍ന്നു.
അത്‌ലറ്റിക്കോയുടെ ആരാധകര്‍ക്കെതിരെ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തുവന്നിട്ടുണ്ട്. വംശീയാധിക്ഷേപം നടത്തുന്നവരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇത്രയും വൃത്തികെട്ട സ്വഭാവമുള്ളവരാണോ നിങ്ങളുടെ ആരാധകര്‍ എന്നാണ് അത്‌ലറ്റിക്കോയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ചോദിക്കുന്നത്.
ഫാന്‍സിന്റെ പ്രവര്‍ത്തിക്കെതിരെ അത്‌ലറ്റിക്കോയും രംഗത്തുവന്നിട്ടുണ്ട്. എതിരാളികളെ അധിക്ഷേപിക്കരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും ക്ലബ് ഫാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. വിനീഷ്യസിനെതിരെയുള്ള അധിക്ഷേപങ്ങള്‍ നിര്‍ത്തണമെന്ന് മാച്ചിനിടെ അനൗണ്‍സ് ചെയ്തതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് വിനീഷ്യസ് ജൂനിയറിനെതിരെയുള്ള അധിക്ഷേപങ്ങള്‍ക്ക് തുടക്കമാകുന്നത്.
താന്‍ അടിക്കുന്ന ഓരോ ഗോളും ഒരു ഡാന്‍സിലൂടെയാണ് വിനി സെലിബ്രേറ്റ് ചെയ്യാറുള്ളത്. അത് ബ്രസീലില്‍ ആയാലും റയലില്‍ ആയാലും. ഹോം ഗ്രൗണ്ടില്‍ ആണെങ്കിലും എവേ മത്സരങ്ങളിലാണെങ്കിലും ഗോളടിച്ചാല്‍ ബ്രസീലിയന്‍ കള്‍ച്ചറിന്റെ ഭാഗമായ സാമ്പ താളം വിനി ആടാറുണ്ട്.
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും മറ്റു താരങ്ങളും ഇത് ചെയ്യാറുണ്ട്. എന്നാല്‍ ഈയിടെ ഒരു ടി.വി ഷോയില്‍ സ്പാനിഷ് ഫുട്ബോള്‍ ഏജന്റുമാരുടെ പ്രസിഡന്റായ പെഡ്രോ ബ്രാവോ വിനീഷ്യസിനെതിരെ റേസിസ്റ്റ് കമന്റ് നടത്തി.
വിനീഷ്യസ് എതിരാളികളെ റെസ്പെക്ട് ചെയ്യണമെന്നും ഡാന്‍സ് കളിക്കണമെങ്കില്‍ ബ്രസീലിലെ സാമ്പഡ്രോമോയിലേക്ക് പോകാനും അദ്ദേഹം പറഞ്ഞു. ടീം മേറ്റിനെയും വിനി റെസ്പെക്ട് ചെയ്യണമെന്നും കുരങ്ങുകളി നിര്‍ത്തണമെന്നും ബ്രാവോ പറഞ്ഞിരുന്നു. ഇത് ഫുട്ബോള്‍ ലോകത്ത് വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്.
വിനി തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നു. ‘സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളിലെ പ്രതികരണങ്ങള്‍ എപ്പോഴും അവസാനിക്കുന്നത് ഒരു ക്ഷമാപണത്തിലോ ‘ഞാന്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’ എന്നോ പറഞ്ഞുകൊണ്ടാണ്. എന്നാല്‍ വംശീയവാദികളേ, ഞാന്‍ നിങ്ങളോട് ആവര്‍ത്തിക്കുന്നു, ഞാന്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തില്ല. സാംബഡ്രോമിലായാലും ബെര്‍ണബ്യൂവിലായാലും, എനിക്ക് തോന്നുന്നിടത്തൊക്കെ ഞാന്‍ കളിക്കും!,’ എന്നായിരുന്നു വിനിയുടെ പ്രതികരണം.