| Thursday, 14th March 2024, 1:28 pm

ഇറ്റാലിയന്‍ കോട്ട തകര്‍ത്ത് നേടിയത് ചരിത്രനേട്ടം; ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു ടീമിനുമില്ലാത്ത റെക്കോഡുമായി സ്പാനിഷ് വമ്പന്മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്‍മാരായ അത്ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. അണ്ടര്‍ 16 സെക്കന്റ് ലെഗില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയാണ് സ്പാനിഷ് ക്ലബ്ബ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ആദ്യ ലെഗ്ഗില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം ലെഗില്‍ അത്‌ലെറ്റിക്കോ മാഡ്രിഡ് 2-1ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 എന്ന നിലയില്‍ നില്‍ക്കേ മത്സരം പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടിയില്‍ 3-2ന് ഇറ്റാലിയന്‍ ക്ലബ്ബിനെ വീഴ്ത്തിയായിരുന്നു സിമിയോണിയും കൂട്ടരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് അത്‌ലെറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ വിജയിക്കുന്ന ആദ്യ ടീമായി മാറാനാണ് സിമിയോണിക്കും സംഘത്തിനും സാധിച്ചത്.

ഇതിനുമുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ 2015ല്‍ ബയര്‍ ലെവര്‍ക്കൂസനെതിരെയും 2016ല്‍ പി.എസ്.വിക്കെതിരെയുമാണ് സ്പാനിഷ് ക്ലബ്ബ് വിജയിച്ചത്.

അതേസമയം മത്സരത്തില്‍ 33ാം മിനിട്ടില്‍ ഫെഡറിക്കോ ഡിമാര്‍ക്രൊയിലൂടെ ഇന്റര്‍ മിലാനാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഈ ഗോളിന് രണ്ട് മിനിട്ട് മാത്രമേ ആയുസ് ഉണ്ടായിരുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനിലൂടെ അത്‌ലെറ്റിക്കോ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി കൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 87ാം മിനിട്ടില്‍ മെഫിസ് ഡിപേയിലൂടെ സ്പാനിഷ് വമ്പന്മാര്‍ വിജയഗോള്‍ നേടുകയായിരുന്നു. എന്നാല്‍ അഗ്രിഗേറ്റ് സ്‌കോറില്‍ മത്സരം സമനില ആയതോടെ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ മാഡ്രിഡ് ജയിച്ചു കയറുകയായിരുന്നു.

ലാ ലിഗയില്‍ മാര്‍ച്ച് 18ന് ബാഴ്‌സലോണക്കെതിരെയാണ് അത്‌ലെറ്റിക്കോയുടെ മത്സരം.

Content Highlight: Atletico Madrid Beat Inter Milan in UCL

We use cookies to give you the best possible experience. Learn more