| Monday, 12th September 2022, 9:33 am

ബ്രസീലോ... ഏതാണവന്‍മാര്‍, അവരൊക്കെ പോര്‍ച്ചുഗലിനോളം വരുമോ; ലോകകപ്പിന് മുമ്പ് കാനറികളെ ചൊറിഞ്ഞ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കായികലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ അവസാന ലോകകപ്പാവാന്‍ സാധ്യയതയുള്ളതിനാല്‍ തന്നെ ഈ ലോകകപ്പിന് പ്രത്യേകതകളും ഏറെയാണ്.

ആറാം തവണ ലോകകപ്പില്‍ മുത്തമിടാന്‍ കാനറികളിറങ്ങുമ്പോള്‍, ലോകകപ്പോടെ മെസിയെ യാത്രയാക്കാനാണ് അര്‍ജന്റീനയൊരുങ്ങുന്നത്. കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സും കയ്യകലത്ത് നിന്നും വഴുതി വീണ ലോകകപ്പ് ഇത്തവണ സ്വന്തമാക്കാന്‍ ക്രൊയേഷ്യയും ഒരിക്കല്‍ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാന്‍ ജര്‍മനിയും തീരുമാനിച്ചുറച്ചാണ് ഖത്തറിലേക്ക് പറക്കുന്നത്. ഓരോ ടീമിനും കിരീടം സ്വന്തമാക്കാന്‍ ഓരോ കാരണങ്ങളുമുണ്ട്.

എന്നാല്‍, ഫിഫ റാങ്കിങ്ങില്‍ ഒന്നാമതുള്ള ബ്രസീല്‍ തന്നെയാണ് കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്ന്. മികച്ച ഫോമില്‍ തുടരുന്ന സൂപ്പര്‍ താരങ്ങളുടെ മികവില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ മാന്ത്രികര്‍ ഒരിക്കല്‍ക്കൂടി കിരീടം സ്വന്തമാക്കുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

എന്നാല്‍ ലോകകപ്പിന് മുമ്പ് തന്നെ മത്സരങ്ങള്‍ക്ക് ചൂടുകൂട്ടിയിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ താരം ജാവോ ഫെലിക്‌സ്. ബ്രസീല്‍ മികച്ച ടീം ആണെന്ന കാര്യം അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ബ്രസീല്‍ പോര്‍ച്ചുഗലിനോളം വരില്ല എന്നുമാണ് ഫെലിക്‌സിന്റെ അഭിപ്രായം.

ഒരു അഭിമുഖത്തിലായിരുന്നു ഫെലിക്‌സ് ഇക്കാര്യം പറഞ്ഞത്.

‘ബ്രസീലിന് മികച്ച താരങ്ങളുണ്ട്. എന്നാല്‍ അവരൊന്നും തന്നെ പോര്‍ച്ചുഗീസ് നാഷണല്‍ ടീമിനോളം എത്തില്ല,’ എന്നായിരുന്നു ഫെലിക്‌സ് പറഞ്ഞത്.

ഒരോ പൊസിഷനിലും കളിക്കാന്‍ ലോകോത്തര താരങ്ങളുണ്ടെന്നതാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. ഗോള്‍ കീപ്പര്‍ മുതല്‍ സ്‌ട്രൈക്കര്‍മാര്‍ വരെ കാനറികളുടെ ബെഞ്ച് സ്‌ട്രെങ്ത് അപാരമാണ്.

എഡേഴ്‌സണും അല്ലിസണ്‍ ബെക്കറും അടക്കമുള്ള ഗോള്‍വല കാക്കും ഭൂതത്താന്‍മാരും പ്രതിരോധത്തില്‍ ബ്രസീലിന്റെ വല്ല്യേട്ടന്‍ തിയാഗോ സില്‍വ, മാര്‍ക്വിന്യോസ്, അസലെക്‌സ് സാന്‍ഡ്രോ, എഡേര്‍ മിലിറ്റാവോ, ഡിനിയലോ തുടങ്ങിയ എലീറ്റ് സ്‌ക്വാഡുമാണ് ടീമിനുള്ളത്.

മധ്യനിരയില്‍ സൂപ്പര്‍ താരങ്ങളായ ഫ്രെഡ്, കാസിമെറോ, ഫാബിന്യോ, ലൂക്കാസ് പക്വേറ്റ, ഗ്വിമാറെസ് തുടങ്ങിയവര്‍ കരുത്ത് കാട്ടുമ്പോള്‍ മുന്നേറ്റനിരയില്‍ നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗോസ്, റാഫീന്യ, ഫെര്‍മീന്യോ എന്നിവര്‍ എതിരാളികളുടെ പ്രതിരോധത്തെ തച്ചുതകര്‍ക്കും.

ഇവരേക്കാള്‍ മികച്ചതാണ് പോര്‍ച്ചുഗല്‍ എന്നാണ് ഫെലിക്‌സിന്റെ അഭിപ്രായം.

മികച്ച താരനിരതന്നൊണ് പറങ്കികള്‍ക്കുമുള്ളത്. പാട്രിക്കോ, പെപ്പെ, റൂബന്‍ ഡയസ്, ഡിയാഗോ ഡാലൗട്ട്, റാഫേല്‍ ഗുറേറോ എല്ലാത്തിലുമുപരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് പോര്‍ച്ചുഗലിന്റെ കരുത്ത്.

ഗ്രൂപ്പ് എച്ചില്‍, ഘാന, ഉറുഗ്വായ്, സൗത്ത് കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗലുള്ളത്. നവംബര്‍ 24ന് ഘാനയോടാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

അതേസയം, ഗ്രൂപ്പ് ജിയിലാണ് ബ്രസീലുള്ളത്. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പ് ജിയിലെ മറ്റ് ടീമുകള്‍. നവംബര്‍ 25നാണ് ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയ ആണ് എതിരാളികള്‍.

Content highlight:  Atletico Madrid attacker Joao Felix says Portugal Football team is Better Than Brazil

We use cookies to give you the best possible experience. Learn more