| Wednesday, 17th July 2024, 9:38 am

അർജന്റൈൻ സൂപ്പർതാരത്തെ റാഞ്ചാൻ സ്പാനിഷ് ക്ലബ്ബ്; എംബാപ്പെക്ക് സ്‌പെയ്നിൽ പുതിയൊരു എതിരാളി?

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അർജന്റൈൻ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസിനെ ലക്ഷ്യമിട്ട് സ്പാനിഷ് വമ്പന്‍മാരായ അത്‌ലെറ്റിക്കോ മാഡ്രിഡ്. മാധ്യമപ്രവര്‍ത്തകനായ സെസാര്‍ ലൂയിസ് മേലോയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലിയന്‍ അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റി വിടാന്‍ തയ്യാറാണെന്നും അത്‌ലെറ്റിക്കോ മാഡ്രിഡ് താരവുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയും ആണെന്നാണ് പറയുന്നത്. ഫുട്‌ബോളില്‍ ഇനിയും വലിയ റോളുകള്‍ ചെയ്യാന്‍ അല്‍വാരസ് ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

അത്‌ലെറ്റിക്കോ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ കരുത്തരായ എ.സി മിലാനിലേക്ക് പോയ സ്പാനിഷ് ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടക്ക് പകരക്കാരനായി ആയിരിക്കും അല്‍വാരസിനെ ടീമിലെത്തിക്കാന്‍ അത്‌ലെറ്റിക്കോ മാഡ്രിഡ് ലക്ഷ്യം വെക്കുക.

സ്പാനിഷ് ക്ലബ്ബിന് പുറമെ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനും ഇതിനു മുന്നേ തന്നെ താരത്തെ ടീമില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം 2022ല്‍ റിവര്‍ പ്ലേറ്റില്‍ നിന്നും 14 മില്യണിനാണ് അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ 103 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ആല്‍വാരസ് 36 ഗോളുകളാണ് നേടിയത്.

സിറ്റിക്കൊപ്പം രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടനേട്ടത്തില്‍ പങ്കാളിയാവാനും അല്‍വാരസിന് സാധിച്ചു.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ നാല് കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ അല്‍വാരസിന് സാധിച്ചിരുന്നു. രണ്ട് കോപ്പ അമേരിക്ക കിരീടം, ഫിഫ ലോകകപ്പ്, ഫൈനലീസീമ എന്നീ കിരീടങ്ങള്‍ ആണ് അല്‍വാരസ് സ്വന്തം രാജ്യത്തിനൊപ്പം നേടിയത്.

Content Highlight: Atletico Madrid are targeting Julian Alvarez

We use cookies to give you the best possible experience. Learn more