ദുബൈ: അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മേചിതാനായി എന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കി. ദുബൈയിലെ ഒരു അറബ് വ്യവാസായിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ രാമചന്ദന്‍ ജയില്‍ മോചിതനായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മോചിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് വരെ അദ്ദേഹം മോചിതനായിട്ടില്ല. ഉടനെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും അവര്‍ പറഞ്ഞു.
2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.
അറ്റ്ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയുടെ വാര്‍ത്ത അടിത്തിടെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാടകയടയ്ക്കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഖലീജ് ടൈംസിനോട് ഇന്ദിര വ്യക്തമാക്കിയിരുന്നു. ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായയായ തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടിയിരുന്നെന്നും ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.
എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുകയാണെന്നും സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണെന്നും ഇന്ദിര പറഞ്ഞിരുന്നു.
22 ബാങ്കുകള്‍ ചേര്‍ന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്. അതില്‍ 19 ബാങ്കുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി വഴങ്ങുമെന്നാണ് ഇന്ദിര പറഞ്ഞിരുന്നത്. എന്നാല്‍ 3 ബാങ്കുകള്‍ ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ലെന്നും അതിനാല്‍ ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാല്‍ രാമചന്ദ്രന്‍ പുറത്തിറങ്ങുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് താനെന്നും അവര്‍ പറഞ്ഞിരുന്നു.