| Monday, 13th November 2023, 12:09 pm

ആവറേജ് ലുക്കുള്ള ചെറുപ്പക്കാരെക്കൊണ്ട് ഒന്നിനും കഴിയില്ലെന്ന പൊതുബോധമുണ്ട്, അവരെന്തെങ്കിലും നേടിയാല്‍ കുറുക്കുവഴിയാണെന്ന് പറയും: അറ്റ്‌ലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള ജീവിതത്തെ പറ്റി സംസാരിക്കുകയാണ് അറ്റ്‌ലി. ആവറേജ് ലുക്കുള്ള ചെറുപ്പക്കാരെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന പൊതുബോധമുണ്ടെന്നും അത് മറികടന്നാലെ എന്താണ് വേണ്ടതെന്ന് മനസിലാവുകയുള്ളൂവെന്നും അറ്റ്‌ലി പറഞ്ഞു. തന്നെ ഒരു സൂപ്പര്‍ സ്റ്റാറായി കണ്ടത് അമ്മയാണെന്നും അവര്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും അറ്റ്‌ലി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘വിമര്‍ശനത്തെ രണ്ട് രീതിയിലാണ് ഞാന്‍ നോക്കിക്കാണുന്നത്. ചില വിമര്‍ശനത്തില്‍ നമ്മളോടുള്ള സ്‌നേഹം കൂടി കാണും. പുതിയത് എന്തെങ്കിലും ചെയ്യണം എന്ന രീതിയിലുള്ള വിമര്‍ശനം ഞാന്‍ പരിഗണിക്കാറുണ്ട്. അതിനനുസരിച്ച് ഞാനും ഇമ്പ്രൂവാകാന്‍ ശ്രമിക്കും.

എന്നാല്‍ ചില വിമര്‍ശനം കണ്ടാല്‍ തന്നെ മനസിലാവും, അതില്‍ ഒരു ക്ലാസിഫിക്കേഷന്‍ ഉണ്ട്. എനിക്ക് വ്യക്തിപരമായി തോന്നിയതാണിത്. ആരേയും കുറ്റപ്പെടുത്തുകയല്ല. ആവറേജ് ലുക്കുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന ഒരു പൊതുബോധം ഉണ്ട്. ചെറുപ്പം മുതല്‍ തന്നെ ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണട വെച്ച കുട്ടികള്‍ നന്നായി പഠിക്കും എന്ന് പറയുന്നത് പോലെയൊരു വിഡ്ഢിത്തമാണ് അത്.

ഇവന്‍ എങ്ങനെയാണ് ഇത് ചെയ്തത്, കുറുക്കുവഴിയായിരിക്കും എന്നൊക്കെ ആളുകള്‍ ചിന്തിക്കും. ആ പൊതുബോധങ്ങളെ ഏതെങ്കിലും ഘട്ടത്തില്‍ മറികടന്നാലേ എനിക്കെന്താണ് വേണ്ടത് എന്ന് മനസിലാവുകയുള്ളൂ. കറുത്തിരിക്കുന്നു, പല്ല് പൊങ്ങിയിരിക്കുകയാണല്ലോ, ഇങ്ങനെയുള്ള ഒരുത്തന്‍ ഡാന്‍സ് കളിച്ചാല്‍ ആരെങ്കിലും നോക്കുമോ എന്ന് ആളുകള്‍ പറയും. അപ്പോള്‍ ഞാന്‍ കേറി ഡാന്‍സ് കളിക്കും. ഡാന്‍സ് കളിക്കുമ്പോള്‍ ഇതൊന്നും ആരും നോക്കില്ല, സ്‌റ്റെപ്പ് മാത്രമേ നോക്കുകയുള്ളൂ. എന്റെ അമ്മ മാത്രമാണ് എന്നെ സൂപ്പര്‍ സ്റ്റാറായി കണ്ടത്. നീ ചെയ്യെടാ, നമുക്ക് നോക്കാമെന്നാണ് എപ്പോഴും അമ്മ എന്നോട് പറയുക.

2011 വരെ എന്റെ വീട്ടുവാടക 2000 രൂപയായിരുന്നു. അടയാറില്‍ 400 സ്‌ക്വയര്‍ഫീറ്റ് വീട്ടിലായിരുന്നു താമസം. പോളി ടെക്‌നിക്ക് പഠിച്ച അച്ഛന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറായി മീനമ്പാക്കത്ത് മുപ്പത് വര്‍ഷം ജോലിയെടുത്തിരുന്നു. പിന്നീട് അത് നിര്‍ത്തി ഹൗസ്‌കീപ്പിങ് മെറ്റീരിയലിനുള്ള കെമിക്കല്‍ മാനുഫാക്ടറിങ്ങായിരുന്നു. കോളേജില്‍ പഠിക്കുന്നത് വരെ അച്ഛനൊപ്പം ഈ സാധനങ്ങളൊക്കെ കൊടുക്കാന്‍ ഞാനും പോകുമായിരുന്നു. അമ്മ ഹൗസ് വൈഫായിരുന്നു.

ഞങ്ങളുടെ കുടുംബത്തില്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടേത് ഒരു ചെറിയ കുടുംബമായിരുന്നു. ആരുടെയും മുന്നില്‍ കൈ നീട്ടിയിട്ടില്ല. അന്ന് പഠിച്ചതൊക്കെയാണ് ഇന്നും ജീവിതത്തിലെ വലിയ പാഠങ്ങള്‍,’ അറ്റ്‌ലി പറഞ്ഞു.

Content Highlight: Atlee talking about his life before coming to films

We use cookies to give you the best possible experience. Learn more