| Sunday, 19th November 2023, 12:43 pm

'സ്റ്റേജില്‍ വന്നിട്ട് പോകുമെന്ന് വിചാരിച്ചു, പക്ഷേ പോയില്ല, അണ്ണാ എപ്പോഴാ പോകുന്നതെന്ന് എനിക്ക് പോയി ചോദിക്കാന്‍ പറ്റില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുടുംബക്കാര്‍ മാത്രമായി പങ്കെടുത്ത സ്വകാര്യ ചടങ്ങിലേക്ക് വിജയ് വന്ന അനുഭവം പങ്കുവെക്കുകയാണ് അറ്റ്‌ലി. സമയമുണ്ടെങ്കില്‍ വരണമെന്നാണ് പറഞ്ഞതെന്നും സ്റ്റേജില്‍ വന്ന് കണ്ടിട്ട് അദ്ദേഹം പോകുമെന്നാണ് താന്‍ വാചിരിച്ചിരുന്നതെന്നും അറ്റ്‌ലി പറഞ്ഞു. എന്നാല്‍ അദ്ദേഹം അവിടെ തന്നെയിരുന്നുവെന്നും അറ്റ്‌ലി പറഞ്ഞു. ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബേബി ഷവര്‍ ഒരു ഫാമിലി ഫങ്ഷനാണ്. കുടുംബക്കാരെല്ലാം ചെന്നൈയിലായതുകൊണ്ട് അത് അവിടെ നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇതിനെ പറ്റി ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അതൊരു കംഫര്‍ട്ട് സോണായിരിക്കില്ല എന്നും എനിക്കറിയാമായിരുന്നു. അത് പറഞ്ഞപ്പോള്‍, ഞാന്‍ വരണ്ടെന്നാണോ നീ പറയുന്നത് എന്ന് ചോദിച്ചു. അങ്ങനെ പറഞ്ഞതല്ല, സമയമുണ്ടെങ്കില്‍ വരണമെന്ന് പറഞ്ഞു.

ആ പരിപാടിക്ക് ആദ്യം വന്നത് വിജയ് സാറാണ്. സ്റ്റേജില്‍ കയറി കണ്ടിട്ട് പോകുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അദ്ദേഹം പോയില്ല. വന്നിട്ട് അവിടെ തന്നെയിരുന്നു. അവിടെ മുഴുവനും എന്റെ കുടുംബക്കാരാണ് ഉള്ളത്. പുറത്ത് നിന്നും വേറെ ആരുമില്ല. എനിക്ക് പോയി, അണ്ണാ എപ്പോഴാ പോകുന്നത് എന്ന് ചോദിക്കാന്‍ പറ്റില്ല. എല്ലാവരും അദ്ദേഹത്തിന്റെ അടുത്ത് ഫോട്ടോ എടുക്കാനായി വരുന്നുമുണ്ട്.

ജോലിയിലൂടെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയത്. എന്നാല്‍ അത് ഇപ്പോള്‍ ഒരു ഇമോഷണലായും കുടുംബപരമായും കൂടി മുന്നോട്ട് പോവുകയാണ്,’ അറ്റ്‌ലി പറഞ്ഞു.

വിജയ് തനിക്ക് അച്ഛന്റെ സ്ഥാനത്താണെന്നും അറ്റ്‌ലി പറഞ്ഞു. ‘വിജയ് സാറിനെ ഞാന്‍ അണ്ണന്‍ എന്നാണ് വിളിക്കുന്നത്. പക്ഷേ അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ്. മാതാപിതാക്കളും പ്രിയയും കഴിഞ്ഞാല്‍ എന്റെ കരിയറിനെ പറ്റി ഏറ്റവുമധികം ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത് ഞാന്‍ ഒരു ഷോയ്ക്ക് വേണ്ടി പറയുന്നതല്ല. ഞങ്ങള്‍ ഒരു പ്രൊജക്ടിന് വേണ്ടി അടുത്തതല്ല. അദ്ദേഹത്തിന്റെ മനസിലെന്താണെന്ന് എനിക്ക് അറിയാനാവുമെന്നാണ് എന്റെ വിശ്വാസം. എന്നില്‍ അദ്ദേഹത്തിനും വിശ്വാസമുണ്ട്.

ഒരു സിനിമയുടെ വിജയം സംവിധായകന്റേയും നായകന്റേയും മാത്രമല്ല, ആ പടത്തില്‍ വിശ്വസിച്ച്, വര്‍ക്ക് ചെയ്ത എല്ലാവരുടെയും വിജയമാണ്. സിനിമ വിജയിക്കുമ്പോള്‍ നമ്മളോടുള്ള ബഹുമാനവും വിശ്വാസവും കൂടും. ആ പ്രോസസില്‍ വിജയ് സാറുമായി കൂടുതല്‍ അടുത്തു. അദ്ദേഹവും ഞാനും ഒരു കുടുംബം പോലെയായി,’ അറ്റ്ലി പറഞ്ഞു.

Content Highlight: Atlee shares the experience of Vijay coming to a private ceremony attended only by family members

We use cookies to give you the best possible experience. Learn more