സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഷങ്കറും കമല്‍ ഹാസനും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അഞ്ച് ഗെറ്റപ്പിലാണ് ഉലകനായകന്‍ ഇന്ത്യന്‍ 2വില്‍ പ്രത്യക്ഷപ്പെടുക.
ചെന്നൈയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംവിധായകന്‍ അറ്റ്‌ലീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ മകന് എന്നെങ്കിലും സിനിമ പഠിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ താന്‍ അവന് കമല്‍ ഹാസന്റെ സിനിമകളാകും കാണിക്കുക എന്നാണ് അറ്റ്‌ലീ പറഞ്ഞത്. ഇന്ത്യന്‍ സിനിമയുടെ ബൈബിളും എന്‍സൈക്ലോപീഡിയയുമാണ് കമല്‍ ഹാസനെന്നും അറ്റ്‌ലീ പറഞ്ഞു.
കമലിന് വേണ്ടി ഒരു സ്‌ക്രിപ്റ്റ് തയാറാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പക്ഷേ അതിന് വേണ്ടി താന്‍ വളരെയധികം പരിശ്രമിക്കുമെന്നും അറ്റ്‌ലീ കൂട്ടിച്ചേര്‍ത്തു. ഷങ്കറിന്റെ അസിസ്റ്റന്റായാണ് അറ്റ്‌ലീ തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്. ഇന്ത്യന്‍ 2വും റാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറും ഒരേ സമയം ഷൂട്ട് നടന്ന സമയത്ത് അറ്റ്‌ലീ ഇന്ത്യന്‍ 2വിന്റെ ചില സീനുകള്‍ സംവിധാനം ചെയ്തത് വാര്‍ത്തയായിരുന്നു.
‘എന്റെ മകന് ഭാവിയില്‍ സിനിമയെപ്പറ്റി അറിയണമെങ്കിലോ സിനിമയെപ്പറ്റി പഠിക്കണമെങ്കിലോ ഞാന്‍ ആദ്യം കമല്‍ സാറിന്റെ എല്ലാ സിനിമകളും അവന് കാണിച്ചു കൊടുക്കും. കാരണം, സിനിമയെപ്പറ്റി പഠിക്കാന്‍ ഇദ്ദേഹത്തെ സിനിമകളെപ്പോലെ മറ്റൊരു മാര്‍ഗമില്ല. ഇന്ത്യന്‍ സിനിമയുടെ ബൈബിളും എന്‍സൈക്ലോപീഡിയയുമാണ് കമല്‍ ഹാസന്‍ സാര്‍.
അദ്ദേഹത്തിന് വേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതുക എന്നത് ഏതൊരാള്‍ക്കും വലിയൊരു വെല്ലുവിളിയാണ്. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിന് വേണ്ടി ഒരു സ്‌ക്രിപ്റ്റ് ഞാന്‍ തയാറാക്കും. കമല്‍ സാറിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്നത് എന്റെയൊരു ആഗ്രഹമാണ്,’ അറ്റ്‌ലീ പറഞ്ഞു.
Content Highlight: Atlee saying that he wish to do a film with Kamal Haasan