| Thursday, 22nd September 2022, 9:28 pm

'അങ്ങനെ ദളപതിയും കിങ് ഖാനും ഒന്നിക്കുകയാണോ സൂര്‍ത്തുക്കളേ'; സൗത്തിനെയും നോര്‍ത്തിനെയും പിടിച്ചുകുലുക്കി അറ്റ്‌ലിയുടെ ട്വീറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ അറ്റ്‌ലിയുടെ ജന്മദിനമായിരുന്നു ഇന്നലെ. പക്ഷെ അതിന്റെ ആഘോഷവും ആരവവും ട്വിറ്ററില്‍ നിറഞ്ഞത് ഇന്നാണ്.

കാരണമെന്താണന്നല്ലേ, അറ്റ്‌ലി ഒരു ഫോട്ടോയോടൊപ്പം ഒരു ചെറിയ ട്വീറ്റ് ചെയ്തു. ആ ഫോട്ടോയില്‍ അറ്റ്‌ലിയുടെ ഇടവും വലവും നില്‍ക്കുന്നവരാണ് ട്വിറ്ററിലെ സിനിമാലോകത്തെ ഇളക്കിമറിച്ചത്.

കിങ് ഖാനും ദളപതിയെയും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അറ്റ്‌ലി ഫോട്ടോയില്‍ നില്‍ക്കുന്നത്. മൂന്ന് പേരും കറുപ്പ് കളര്‍ വസ്ത്രങ്ങളിട്ട് മാച്ചിങ്ങായി നില്‍ക്കുന്ന ആ കിടിലന്‍ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഇതില്‍ കൂടുതല്‍ മറ്റെന്ത് വേണമെനിക്ക് എന്ന് തുടങ്ങുന്ന ഒരു പോസ്റ്റും ഫോട്ടോക്കൊപ്പം അറ്റ്‌ലി പങ്കുവെച്ചിട്ടുണ്ട്. ‘പിറന്നാള്‍ ദിവസം ഇതിനേക്കാള്‍ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്. എന്റെ ജീവിതത്തിന്റെ നെടുംതൂണുകളായ, ഏറ്റവും പ്രിയപ്പെട്ട ഷാരൂഖ് സാറിനും എന്റെ അണ്ണന്‍…എന്റെ ദളപതി വിജയ് സാറിനുമൊപ്പം ജന്മദിനം ആഘോഷിക്കാനായി. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍,’ എന്നാണ് അറ്റ്‌ലിയുടെ വാക്കുകള്‍.

ഷാരൂഖ് ഖാനെയും വിജയ്‌യെയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷം മാത്രമല്ല ആരാധകരുടെ ആവേശത്തിന് പിന്നില്‍. ജവാന്‍ എന്ന ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തെ കുറിച്ച് ഇതുവരെ കേട്ടിരുന്ന പല റിപ്പോര്‍ട്ടുകളും ഈ ഫോട്ടോ ശരി വെക്കുകയാണ് എന്നതാണ് ആവേശതിമര്‍പ്പിന് കാരണം.

ജവാനില്‍ വിജയ്‌യും അതിഥിവേഷത്തിലോ അല്ലെങ്കില്‍ എക്‌സ്റ്റെന്റഡ് കാമിയോ ആയോ എത്തുമെന്നായിരുന്നു ഈ വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും ഈ പുതിയ ഫോട്ടോയോട് കൂടി അക്കാര്യം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. #itshappening എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുകയാണ്.

ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജവാന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്.

ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖ് ആദ്യമായി നയന്‍താരക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രം 2023 ജൂണ് 2 ന് തിയേറ്ററുകളില്‍ എത്തും.

ദളപതി വിജയ്ക്കും ഷാരൂഖ് ഖാനുമൊപ്പം സംവിധായകന്‍ അറ്റ്‌ലിയുടെ പുതിയ ട്വീറ്റ്, ജവാനില്‍ വിജയ്‌യും ഉണ്ടാകുമെന്ന് ആരാധകര്‍

Content Highlight: Atlee’s new photo with Sharukh Khan and Vijay rocks twitter, fans assumes Vijay will be in Jawan movie with Sharukh Khan

Latest Stories

We use cookies to give you the best possible experience. Learn more