| Saturday, 9th September 2023, 11:27 am

'ജവാന് ടിക്കറ്റെടുത്താല്‍ പത്ത് സിനിമകള്‍ കാണാം'; ട്രോളുകളില്‍ നിറഞ്ഞ് അറ്റ്‌ലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വലിയ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തെ പറ്റിയുള്ള ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

അറ്റ്‌ലിയുടെ ഒരു സിനിമ കാണാന്‍ കയറിയ ആള്‍ക്ക് കുറഞ്ഞത് പത്ത് സിനിമയെങ്കിലും കാണാന്‍ കഴിയുമെന്നാണ് ജവാന്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പ്രാധാനമായും ഉയര്‍ന്നു വരുന്ന വാദം.

ജവാനില്‍ തന്നെ നിരവധി സിനിമകളുടെ സാമ്യം ഉള്ളതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. അറ്റ്‌ലിയുടെ തന്നെ മുന്‍ ചിത്രങ്ങളായ മെര്‍സല്‍, തെരി, വിജയുടെ മറ്റൊരു ചിത്രം കത്തി, കാര്‍ത്തി ചിത്രം സര്‍ദാര്‍ അജിത്ത് ചിത്രം ആരംഭം തുടങ്ങി ഒടുവില്‍ റിലീസ് ചെയ്ത രജിനികാന്ത് ചിത്രം ജയിലറിന്റെ വരെ സാമ്യം ജവാനില്‍ കാണാന്‍ കഴിയുമെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.

ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും ചിത്രത്തിനും അറ്റ്ലിക്കും ലഭിക്കുന്നുണ്ട്. ഇത് ആദ്യമായിട്ടല്ല കോപ്പിയടി ട്രോളുകള്‍, ചര്‍ച്ചകള്‍ അറ്റ്ലിയുടെ പേരില്‍ ഉയരുന്നത്. ഇദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളിലെ പല രംഗങ്ങളിലേയും മറ്റ് ചിത്രങ്ങളുമയുള്ള സാമ്യതകള്‍ സോഷ്യല്‍ മീഡിയയില്‍. മുമ്പും ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം 129.6 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ കഴിഞ ദിവസം അറിയിച്ചത്.

ഹിന്ദി സിനിമകളുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ആദ്യദിന ഗ്രോസ് ആണിത്. ഷാരൂഖിന്റെ തന്നെ മറ്റൊരു ചിത്രം പത്താന്റെ 106 കോടി എന്ന റെക്കോഡ് ആണ് മറികടന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിച്ചത്.

തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളാണ് തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്തിട്ടുള്ളത്.

ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിലുമുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

വലിയ താരനിരയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തിയിട്ടുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

Content Highlight: Atlee & jawan movie gets trolls for the same scenes from different movies
We use cookies to give you the best possible experience. Learn more