| Wednesday, 18th December 2024, 7:52 pm

വിജയ് സാര്‍ വ്യത്യസ്തത പരീക്ഷിക്കുമെന്നതിന്റെ ഉദാഹരണമാണ് ആ സിനിമ: അറ്റ്‌ലീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷങ്കറിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് അറ്റ്ലീ. രാജാ റാണി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ അറ്റ്ലീ വിജയ് നായകനായ തെരിയിലൂടെ തമിഴിലെ മുന്‍നിരയിലേക്കുയര്‍ന്നു. ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത ജവാന്‍ 1000 കോടി നേടിയതോടെ ഇന്ത്യയിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചു.

വിജയ് എന്ന നടന്റെ സ്റ്റാര്‍ഡം ഉയര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സംവിധായകരിലൊരാളാണ് അറ്റ്‌ലീ. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്‌സ് ഓഫീസ് തകര്‍ത്തെറിഞ്ഞ സിനിമകളായിരുന്നു പിറന്നത്. ഇരുവരും മൂന്നാം വട്ടം ഒന്നിച്ച ചിത്രമായിരുന്നു ബിഗില്‍. സ്‌പോര്‍ട്‌സ് ചിത്രത്തില്‍ സ്ഥിരം വിജയ് ഫോര്‍മുലകളെല്ലാം ചേര്‍ത്ത ബിഗില്‍ 300 കോടിയോളം കളക്ട് ചെയ്തിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു വിജയ് പ്രത്യക്ഷപ്പെട്ടത്.

മൈക്കിള്‍ എന്ന ഫുട്‌ബോളറായും രായപ്പന്‍ എന്ന ഗ്യാങ്സ്റ്ററായുമാണ് വിജയ് ബിഗിലില്‍ വേഷമിട്ടത്. ഇതില്‍ രായപ്പന്‍ എന്ന കഥാപാത്രം വിജയ് അതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ ഒന്നായിരുന്നു. രായപ്പന്‍ എന്ന കഥാപാത്രമായി വിജയ്‌യെ അവതരിപ്പിച്ച അനുഭവം പങ്കുവെക്കുകയാണ് അറ്റ്‌ലീ. വയസ്സായ കഥാപാത്രം വിജയ്‌യെ വെച്ച് ചെയ്യുക എന്നത് മുമ്പ് ആരും പരീക്ഷിക്കാത്ത ഒന്നായിരുന്നുവെന്ന് അറ്റ്‌ലീ പറഞ്ഞു.

ഓരോ തവണയും വിജയ് തന്നോട് ആ വയസായ ലുക്ക് വര്‍ക്കാകുമോ എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും താന്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തുവെന്നും അറ്റ്‌ലീ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഒന്നിച്ച സിനിമകളില്‍ ചെറിയ രീതിയിലാണെങ്കില്‍ പോലും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് തങ്ങള്‍ ചാന്‍സ് എടുക്കാറുണ്ടായിരുന്നെന്നും അതില്‍ പലതും വര്‍ക്കാകുമെന്നും അറ്റ്‌ലീ പറഞ്ഞു. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലീ ഇക്കാര്യം പറഞ്ഞത്.

‘ഞാനും വിജയ് സാറും ഒന്നിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ബിഗില്‍. ആ സിനിമയില്‍ വിജയ് സാര്‍ വയസായ ഒരു ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രായപ്പന്‍ എന്ന കഥാപാത്രമായാണ് ബിഗിലില്‍ സാര്‍ എത്തിയത്. എപ്പോഴും വിജയ് സാര്‍ എന്നോട് ‘ഈ വയസ്സായ ഗെറ്റപ്പ് വര്‍ക്കാകുമെന്ന് നിനക്ക് ഉറപ്പാണോ?’ എന്ന് വിജയ് സാര്‍ ചോദിക്കുമായിരുന്നു. വര്‍ക്കാകുമെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തു. വിജയ് സാര്‍ വ്യത്യസ്തത പരീക്ഷിക്കുമെന്നതിന്റെ ഉദാഹരണമാണ് രായപ്പന്‍ എന്ന കഥാപാത്രം,’ അറ്റ്‌ലീ പറയുന്നു.

അറ്റ്‌ലീ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം ബേബി ജോണ്‍ റിലീസിന് തയാറെടുക്കുകയാണ്. വിജയ്- അറ്റ്‌ലീ കോമ്പോ ആദ്യമായി ഒന്നിച്ച തെരിയുടെ റീമേക്കായാണ് ബേബി ജോണ്‍ ഒരുങ്ങുന്നത്. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Atlee about Vijay’s character in Bigil movie

We use cookies to give you the best possible experience. Learn more