പാട്‌ന: ബിഹാറിലെ വൈശാലി ജില്ലയില്‍ ഉണ്ടായ തീവണ്ടിയപകടത്തില്‍ ആറു മരണം.നിരവധി പേര്‍ക്ക് പരുക്കേറ്റു. ബിഹാറില്‍ നിന്നും ദല്‍ഹിയിലേക്കു പോകുന്ന സീമഞ്ചല്‍ എക്‌സ്പ്രസിന്റെ ഒമ്പത് കംമ്പാര്‍ട്ട്‌മെന്റുകളാണ് പാളം തെറ്റിത്. ഇന്ന് പുലര്‍ച്ചെ 3:58ന് സഹദായ് ബുസുര്‍ഗില്‍ വെച്ചായിരുന്നു അപകടമെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഒരു എ.സി കോച്ചും, മൂന്ന് സ്ലീപ്പര്‍ കോച്ചുമടക്കം ഒമ്പതു കമ്പാര്‍ട്ടുമെന്റുകളാണ് അപകടത്തില്‍ പെട്ടതെന്ന് ഈസ്റ്റ് റെയില്‍ വേ വക്താവ് രാജേഷ് കുമാര്‍ പറഞ്ഞു. പാളം തെറ്റാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.
അപകടസമയത്ത് ട്രെയ്ന്‍ മുഴുവന്‍ വേഗതയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നെന്നും അപകടത്തില്‍ മൂന്ന് കോച്ചുകള്‍ പാടെ തകര്‍ന്നെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
സോന്‍പൂരില്‍ നിന്നും ബറൗണിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് കേന്ദ്ര റയില്‍ വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.