സോള്‍: സൗത്ത് കൊറിയയില്‍ ഹാലോയീന്‍ ആഘോഷത്തിനിടെ (Halloween festivities) തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 151 പേര്‍ മരിച്ചു, 150 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
19 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിലേറെയും ചെറുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് കൊറിയന്‍ തലസ്ഥാനമായ സോളിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഇറ്റാവോണ്‍ നഗരത്തിലെ ഒരു പ്രധാന മാര്‍ക്കറ്റിലായിരുന്നു സംഭവം. ഹാലോയീന്‍ ആഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മാര്‍ക്കറ്റിലേക്ക് കൂട്ടമായി വരികയും തിക്കിലും തിരക്കിലും പെട്ട് 149ഓളം പേര്‍ മരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം ഒരു ലക്ഷം പേര്‍ ഇവിടെ തടിച്ചുകൂടിയതായാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രാദേശിക സമയം അര്‍ധരാത്രിയോടടുത്തായിരുന്നു സംഭവമെന്ന് ദ കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇടുങ്ങിയ തെരുവുകളിലെ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ക്ക് ഹൃദയാഘാതമുണ്ടായതായും ഇവരെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമിക്കുന്നതായും ജനക്കൂട്ടം പാനിക്കായി ഓടുന്നതായുമുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇറ്റാവോണിലെ ഒരു ഹോട്ടലിന് സമീപം ഡസന്‍ കണക്കിനാളുകള്‍ ബോധരഹിതരായി വീണതായും ചിലര്‍ക്ക് ശ്വാസതടസം നേരിട്ടതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനാ അധികൃതര്‍ സ്ഥലത്തെത്തുകയായിരുന്നു.
ഒക്ടോബര്‍ 31ലെ ഹാലോയീന്‍ ഡേയ്ക്ക് മുന്നോടിയായി ശനിയാഴ്ച രാത്രി നടന്ന ആഘോഷങ്ങള്‍ക്കിടെയായിരുന്നു ദാരുണ സംഭവം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇത്രയും വ്യാപകമായി ആഘോഷങ്ങള്‍ നടന്നത്.
Content Highlight: atleast 151 dead in stampede during Halloween celebrations in South Korea