വലിയ ആത്മവിശ്വാസത്തോടെയാണ് ഇപ്പോള്‍ കാര്യങ്ങളെ കാണുന്നതെന്നും വീഴ്ചകളില്‍ നിന്നും താന്‍ പാഠം പഠിച്ചെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകള്‍ക്ക് ഇനിയും തുക കൊടുക്കാനുണ്ട്. നിയമം അനുസരിച്ചും ബാങ്കുകളുമായി സംസാരിച്ചും ദുബായില്‍ ഒരു ജ്വല്ലറി തുടങ്ങാനാണ് ആഗ്രഹം. ഒരു ഷോറൂമില്‍ നിന്ന് തന്നെയാണ് ഞാന്‍ എല്ലാം തുടങ്ങിയത്. അതുകൊണ്ട് ഇവിടെയും ആ ഒന്നില്‍ നിന്ന് തന്നെ തുടങ്ങും. ഇനി ബിസ്സിനസില്‍ മാത്രം ശ്രദ്ധിക്കും. എല്ലാത്തിനോടും താത്ക്കാലികമായെങ്കിലും വിട പറഞ്ഞു. ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ല. ഇവിടെ നിന്നുകൊണ്ട് തന്നെ ഞാന്‍ എല്ലാം പുതുതായി കെട്ടിപ്പടുക്കും. -അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.
അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍
ജയിലില്‍ കാര്യമായി ആരും കാണാന്‍ വന്നിരുന്നില്ലെന്നും ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് ഒരുപാട് മോഹിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. “സന്ദര്‍ശകരെ കാണണമെന്ന് ആഗ്രഹിച്ചത് ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ? ജയിലിനകത്തായിരിക്കുമ്പോഴാണ് കാറ്റും ചൂടും വെളിച്ചവുമെല്ലാം എത്ര മനോഹരമാണെന്ന് തിരിച്ചറിയുക. വല്ലപ്പോഴും ആശുപത്രിയിലേക്കോ വൈദ്യപരിശോധനയ്‌ക്കോ കോടതിയിലേക്കോ പോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്. -അദ്ദേഹം പറയുന്നു.
ജയിലില്‍ കൂടുതല്‍ പേര്‍ ഒന്നിച്ചു കഴിയുന്നതിനാല്‍ മുറിയിലെ എയര്‍കണ്ടീഷണറിലെ തണുപ്പ് കൂട്ടിവെക്കും. രോഗം വരാതിരിക്കാനാണത്രെ. പക്ഷെ അത് പലപ്പോഴും സഹിക്കാനാവുമായിരുന്നില്ല. എങ്കിലും ഞാന്‍ അതിനെയും മറികടന്നു. ഭക്ഷണമൊക്കെ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. തനി വെജിറ്റേറിയനാണ് അന്നും ഇന്നും. പതിവ് ഭക്ഷണത്തിന് പുറത്ത് എന്തെങ്കിലും വേണമെങ്കില്‍ അവിടത്തെ സ്റ്റോറില്‍ നിന്ന് വാങ്ങാം. കാലത്ത് ചായ കിട്ടാറുണ്ട്. വൈകീട്ടും.
പിന്നെ ഫോണില്‍ ഇടയ്ക്കിടെ ഇന്ദുവുമായി സംസാരിക്കും. അവിടെ നിന്ന് വീട്ടിലെ നമ്പറിലേക്ക് വിളിക്കാമെന്നാണ് ചട്ടം. പണം ഈടാക്കുമെന്ന് മാത്രം. പക്ഷെ അധികനേരം സംസാരിക്കാന്‍ കഴിയില്ല. നിന്നുകൊണ്ട് വേണമല്ലോ സംസാരിക്കാന്‍. അപ്പോള്‍ കാല് വേദനിക്കും.
നമ്മുടെ പ്രയാസം മാറാനാണ് ഇന്ദുവിനെ വിളിക്കുന്നത്. പക്ഷെ പാവത്തിന്റെ സങ്കടവും കണ്ണീരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കേള്‍ക്കുമ്പോള്‍ പ്രയാസം കൂടും. എങ്കിലും നിത്യവും ഏഴെട്ടു തവണ വിളിക്കും.
കേസുകള്‍ കോടതിയിലെത്തുകയും മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്നെ എന്റെ സ്വത്തുക്കള്‍ വിറ്റ് ബാധ്യത തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പക്ഷേ പലരുടേയും സമീപനം ആത്മാര്‍ത്ഥമായിരുന്നില്ല. ചുരുങ്ങിയ വിലയില്‍ കാര്യം സാധിക്കാനെത്തിയവരായിരുന്നു പലരും.
ഇതിനിടയില്‍ ജീവനക്കാരെല്ലാം ഭാര്യ ഇന്ദുവിനെ ആനുകൂല്യങ്ങള്‍ക്കായി ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഷോറൂമുകളുടെ വാടകകളും കുടിശ്ശികയായി. അതിനായി യു.എ.ഇയിലെ 19 ഷോറൂമുകളിലെ ആസ്തിയും കയ്യൊഴിഞ്ഞു. അവള്‍ ഒറ്റയ്ക്കാണ് കാര്യങ്ങള്‍ നോക്കിയത്. ഇടയ്ക്ക് ചിലര്‍ സഹായിക്കാനെത്തി. ഇനി തിരിച്ചുവരവിനുള്ള ഒരുക്കങ്ങളാണ്. അത് അധികം വൈകാതെ തുടങ്ങും. കാത്തിരിക്കൂ”- അറ്റ്‌ലസ് രാമചന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നു.