ദുബൈ: മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി.ബാങ്ക് വായ്പ തട്ടിപ്പ് കേസിനെ തുടര്‍ന്നായിരുന്നു രാമചന്ദ്രന്‍ ജയിലിലായത്. കേസ് കൊടുത്ത ബാങ്കുകളുമായി ധാരണയിലായതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മോചനത്തിന് വഴിതെളിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ചുളള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജയില്‍ മോചനത്തിനുശേഷം അദ്ദേഹം എവിടെയാണ് കഴിയുന്നതെന്ന വിവരവും ബന്ധുക്കള്‍ പുറത്തുവിട്ടിട്ടില്ല. ദുബൈയിലെ മാധ്യമങ്ങളെ കാണാനും തയ്യാറായിട്ടില്ല.
2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.
Also Read സഖ്യം നിലനില്‍ക്കണമെങ്കില്‍ ബി.ജെ.പി വിട്ടുവീഴ്ച ചെയ്യേണ്ടി വരും; 2019 തെരഞ്ഞെടുപ്പിന് നിബന്ധനകളുമായി ജെ.ഡി(യു)
ബാങ്കുകള്‍ ഒന്നിനുപിറകെയായി പരാതികളുമായെത്തിയതോടെ ജയില്‍ മോചനം അനിശ്ചിതമായി നീളുകയായിരുന്നു. പതിനഞ്ചിലേറെ ബാങ്കുകളില്‍ നിന്നും അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തിരുന്നു. അഞ്ചുകോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു രാമചന്ദ്രനെതിരെ ദുബൈയിലുണ്ടായിരുന്നത്. യുഎഇ ബാങ്കുകള്‍ക്ക് പുറമേ ദുബൈയില്‍ ശാഖകളുളള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപിക്കാന്‍ ഉപയോഗിച്ചതാണ് വിനയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അറ്റ്‌ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയുടെ വാര്‍ത്ത കഴിഞ്ഞവര്‍ഷം ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാടകയടയ്ക്കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഖലീജ് ടൈംസിനോട് ഇന്ദിര വ്യക്തമാക്കിയിരുന്നു. ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായയായ തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടിയിരുന്നെന്നും ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.
റിപ്പോര്‍ട്ട് ഷംസീര്‍ ഷാന്‍