പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
Kerala News
പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2022, 7:28 am

ദുബായ്: പ്രവാസി വ്യാവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍(80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. സംസാകാരം തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും.

മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ‘അറ്റ്‌ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം.

അറ്റ്‌ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ അദ്ദേഹം സജീവമായിരുന്നു. 13 സിനിമകളില്‍ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. വൈശാലി, ധനം, സുകൃതം, ഇന്നലെ, വെങ്കലം, കൗരവര്‍, വാസ്തുഹാര, ചകോരം എന്നീ സിനിമകള്‍ നിര്‍മിച്ചു.

2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

Content Highlight: Atlas Ramachandran Passed Away