അറ്റ്ലസ് രാമചന്ദ്രനില്‍ ഒരുപാട് പാഠങ്ങളുണ്ട്
Opinion
അറ്റ്ലസ് രാമചന്ദ്രനില്‍ ഒരുപാട് പാഠങ്ങളുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th June 2018, 12:24 am

നിറയെ സസ്പെന്‍സുകള്‍ നിറഞ്ഞ ഒരു സിനിമാക്കഥപോലെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം. ജയിലറയുടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് തിരികെയത്തിയെങ്കിലും ആ ജീവിതത്തെ ഉലച്ച മുറിവുകള്‍ പൂര്‍ണ്ണമായും ഭേദമായോ എന്ന കാര്യം വ്യക്തമല്ല. ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ മുതലാളിയായി മാത്രമല്ല അറ്റ്ലസ് രാമചന്ദ്രനെ മലയാളി കണ്ടിട്ടുളളത്. സ്വന്തം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും പ്രസക്തമായ സിനിമകളുടെ നിര്‍മ്മാതാവായപ്പോഴും ചെറു വേഷങ്ങളില്‍ അഭിനയിച്ചപ്പോഴുമെല്ലാം മലയാളി രാമചന്ദ്രനെ കണ്ടത് ഇഷ്ടം കൂടുന്ന ഒരു ബഹുമുഖവ്യക്തിത്വമായാണ്.

മികച്ച സഹൃദയനെന്ന നിലയില്‍ കലയെ സ്നേഹിക്കുന്ന സാഹിത്യാഭിരുചിയുളള ഒരു വ്യക്തിത്വം അറ്റലസില്‍ നിറഞ്ഞുനിന്നിട്ടുണ്ട് പലപ്പോഴും. ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലുടെ പലര്‍ക്കും സഹായഹസ്തമാകാനും ആ മനുഷ്യന് സാധിച്ചിട്ടുണ്ട്. ഇതെല്ലാംകൊണ്ടുകൂടിയാണ് അറ്റ്ലസ് ജയിലില്‍ കിടന്നപ്പോള്‍ മലയാളി അലോസരപ്പെട്ടതും, മോചന വാര്‍ത്തകളില്‍ കാതു കൂര്‍പ്പിച്ചതും. പലപ്പോഴും പുറത്തുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും അതെല്ലാം തെറ്റായ റിപ്പോര്‍ട്ടുകള്‍ മാത്രമായി. അപ്പോഴെല്ലാം ബാങ്കുകള്‍ പിടി കൂടുതല്‍ മുറുക്കകയായിരുന്നു. എന്തൊക്കെ ഒത്തുതീര്‍പ്പു വ്യവസ്ഥകളും പരിഹാര ഉടമ്പടികളും ഉണ്ടായി എന്ന ചര്‍ച്ചകളേക്കാളെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ആ ജീവിതം നല്‍കികൊണ്ടിരിക്കുന്ന സന്ദേശമാണ്. ജീവിതത്തിന്റെ വര്‍ണ്ണവെളിച്ചത്തില്‍ നിന്നും ഒരു നിമിഷത്തെ തിരിച്ചടികളില്‍ ഇരുട്ട് നിറയുന്നതാണ് ആരുടെയും ജീവിതമെന്ന വലിയ പാഠമാണത്.

തിരിച്ചടിയായത് സാമ്പത്തിക അച്ചടക്കരാഹിത്യം

ജ്വല്ലറി രംഗത്തുള്‍പ്പെടെ ഗള്‍ഫിലെ മുന്‍നിര ബ്രാന്‍ഡുകളെല്ലാം തന്നെ മലയാളികളുടെ ഉടമസ്ഥയിലുളളതാണെന്നതാണ് വാസ്തവം. മിക്ക ബ്രാന്‍ഡുകള്‍ക്കും വലിയ രീതിയിലുളള ബാങ്ക് വായ്പകളും ഉണ്ട്. അത് തിരിച്ചടക്കാന്‍ പ്രാപ്തിയുളളവരാണ് പലരും. പ്രൊഫഷണലിസം നിറഞ്ഞ ഫിനാന്‍സ് മാനേജ്മെന്റ് നിലനില്‍ക്കുന്നതുകൊണ്ടാണ് അത്തരം ബ്രാന്‍ഡുകളെല്ലാം ഈ വായ്പകളുപയോഗിച്ച് ബിസിനസ് വിപുലപ്പെടുത്തുന്നതും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതും. എന്നാല്‍ അറ്റലസിനെപോലെ സാമ്പത്തിക അച്ചടക്കത്തില്‍ ശ്രദ്ധ ചെലുത്താതെപോയ നിരവധി ചെറുകിട, ഇടത്തരം ബ്രാന്‍ഡുകളും കമ്പനികളുമാണ് ഗള്‍ഫില്‍ ഇതിനകം അടച്ചുപൂട്ടിയതും പൂട്ടാനിരിക്കുന്നതും എന്നോര്‍ക്കുക. സ്വര്‍ണ്ണ വ്യാപാരം വിപുലപ്പെടുത്താനെന്ന പേരില്‍ ബാങ്കില്‍ നിന്നും വായ്പയെടുക്കുകയും ആ ഭീമമായ തുക ഓഹരി വിപണിയിലേക്ക് വകമാറ്റി നിക്ഷേപിച്ചതുമാണ് അറ്റ്ലസ് ഗ്രൂപ്പിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്വല്ലറിയടക്കമുളള ബിസിനസ് വ്യാപരത്തിനായി യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതും ചെക്കുകള്‍ മടങ്ങിയതുമാണ് അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ് സാമ്രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്.

ബന്ധങ്ങള്‍ തുണയായില്ല

ബാങ്കുകള്‍ ഒന്നിനുപിറകെയായി പരാതികളുമായെത്തിയതോടെ ജയില്‍ മോചനം അനിശ്ചിതമായി നീളുകയായിരുന്നു. പതിനഞ്ചിലേറെ ബാങ്കുകളില്‍ നിന്നും അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം വായ്പയെടുത്തിരുന്നു. അഞ്ചുകോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു രാമചന്ദ്രനെതിരെ ദുബൈയിലുണ്ടായിരുന്നത്. ഇതില്‍ ഒരു കേസ് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിനായിരുന്നു എന്നും പറയുന്നു. യു.എ.ഇ ബാങ്കുകള്‍ക്ക് പുറമേ ദുബൈയില്‍ ശാഖകളുളള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും അറ്റ്ലസ് ഗ്രൂപ്പ് വായ്പയെടുത്തിരുന്നു. ഈ പണം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും മറ്റും നിക്ഷേപിക്കാന്‍ ഉപയോഗിച്ചതാണ് വിനയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബാങ്കുകളുടെ പരാതിയെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് 23 നാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. വലിയ ബിസിനിസ് ബന്ധങ്ങളും പിടിപാടുകളുമുണ്ടായെങ്കിലും അധികമാരും അറ്റ്ലസ് രാമചന്ദ്രന്റെ മോചനശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയെത്തിയതുമില്ല. പ്രായാധിക്യത്താലും മാനസിക വ്യഥകളാലും തളര്‍ന്ന ഭാര്യ ഇന്ദിര തന്നെയായിരുന്നു മോചനത്തിനായി പ്രയത്നിച്ചത്. രാമചന്ദ്രന്റെ മോചനസാധ്യതയെക്കുറിച്ചുളള വാര്‍ത്തകള്‍ നല്‍കാന്‍ മത്സരിച്ച യുഎഇയിലെ മാധ്യമങ്ങളോട് വരെ ഇന്ദിരക്ക് ഒടുവില്‍ അപേക്ഷിക്കേണ്ടിവന്നു. തുടരെയുളള മോചനവാര്‍ത്തകള്‍ ബാങ്കുകളെ കൂടുതല്‍ പ്രകോപിപ്പിക്കുന്നുവെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സുക്ഷമത പുലര്‍ത്തണമെന്നുമുളള അഭ്യര്‍ത്ഥനയായിരുന്നു ഇന്ദിര നടത്തിയത്. മോചനം സംബന്ധിച്ച ഊഹാപോഹങ്ങളും നിരവധിയായിരുന്നു. രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും ഒമാനിലെ അ്റ്റ്ലസിന്റെ രണ്ട് ആശുപത്രികള്‍ വിറ്റുലഭിക്കുന്ന തുക ഉപയോഗിച്ച് ബാങ്കുകളുടെ ആദ്യ ഗഡു നല്‍കി ഒത്തുതീര്‍പ്പാക്കുന്നു എന്നതായിരുന്നു ഒരു റിപ്പോര്‍ട്ട്. മറ്റൊരു പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുളള ആശുപത്രി ഗ്രൂപ്പ് ഇതിനായി മുന്നോട്ട് വന്നു എന്നും വാര്‍ത്തകളുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു എന്നും റി്പ്പോര്‍ട്ടുകളുണ്ടായി. രാമചന്ദ്രന്റെ പേരിലുളള വസ്തുക്കള്‍ വിറ്റ് പണം തിരിച്ചടക്കാനുളള ശ്രമം ഊര്‍ജ്ജിതമായതായും രണ്ട് ബാങ്കുകള്‍ ഒഴികെ ഇതിനെ അംഗീകരിച്ചു എന്നുമൊക്കെയുളള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഇതിനൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ് രാമചന്ദ്രന്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഒരു സിനിമാക്കഥപോലെ

ഭരതന്‍ ക്ലാസിക്കുകളിലൊന്നായ “വൈശാലി” യിലൂടെയാണ് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് രാമചന്ദ്രനെത്തുന്നത്. ചിത്രം കലാപരമായും സാമ്പത്തികമായും മികവുനേടിയപ്പോള്‍ നിര്‍മ്മാണരംഗത്തേക്ക് കൂടുതല്‍ ചുവടുകള്‍ വെച്ചു. വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ  ചിത്രങ്ങളും പിന്നാലെ നിര്‍മ്മിച്ചു. നിരവധി ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹത്തെ പിന്നെ കണ്ടു. വെളളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കെയാണ് ജയിലറയുടെ ഇരുട്ടിലേക്ക് ആ ജിവീതം മറഞ്ഞുപോയത്. തിരികെയെത്തിയെങ്കിലും ജീവിതത്തെ ഉലച്ച പ്രതിസന്ധികള്‍ ഇനിയുമെത്ര ബാക്കിയുണ്ടെന്ന കാര്യം വ്യക്തവുമല്ല.എന്തായാലും അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും പ്രതാപം വീണ്ടെടുക്കുമെന്ന് പ്രത്യാശിക്കാം. ഒപ്പം ആ മനുഷ്യന്റെ ജീവിതത്തിലെ ഈ തിരിച്ചടികളും തിരിച്ചുവരവും നല്‍കുന്ന വലിയ സന്ദേശമാണ് ഇനി ചര്‍ച്ചയാവേണ്ടത്.