2023-24 യുവേഫാ യൂറോപ്പ ലീഗ കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ വമ്പന്‍മാരായ അറ്റ്‌ലാന്‍ഡ. ജര്‍മന്‍ ക്ലബ്ബ് ബയര്‍ ലെവര്‍കൂസനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അറ്റ്‌ലാന്‍ഡ കിരീടം ചൂടിയത്.
അറ്റ്‌ലാന്‍ഡയുടെ ചരിത്രത്തിലെ യൂറോപ്പിലെ ആദ്യ മേജര്‍ കിരീടമാണിത്. ഈ കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ചരിത്രനേട്ടവും അറ്റ്‌ലാന്‍ഡ സ്വന്തമാക്കി. 1999ല്‍ പര്‍മ എഫ്.സി കിരീടം നേടിയതിനു ശേഷം യുവേഫ യൂറോപ്പ ലീഗ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മാറാനും അറ്റ്‌ലാന്‍ഡക്ക് സാധിച്ചു.
അതേസമയം ഈ സീസണിലെ ബയര്‍ ലെവര്‍കൂസന്റെ ആദ്യ തോല്‍വിയാണിത്. നീണ്ട 361 ദിവസങ്ങളുടെയും 51 മത്സരങ്ങളുടെയും അണ്‍ബീറ്റണ്‍ റണ്‍ ആണ് ഇറ്റാലിയന്‍ ക്ലബ്ബ് അവസാനിപ്പിച്ചത്. ബുണ്ടസ്ലീഗയില്‍ ഈ സീസണില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം നേടാന്‍ സാബി അലോണ്‍സക്കും കൂട്ടര്‍ക്കും സാധിച്ചിരുന്നു. മുപ്പത്തി നാല് മത്സരങ്ങളില്‍ നിന്നും 28 വിജയവും ആറ് സമനിലയും അടക്കം 90 പോയിന്റോടെ ആയിരുന്നു ലെവര്‍ കൂസന്‍ ജര്‍മന്‍ ലീഗില്‍ ഫിനിഷ് ചെയ്തത്.
അവീവാ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നൈജീരിയന്‍ സൂപ്പര്‍താരം അഡെമോല ലുക്ക്മാന്റെ തകര്‍പ്പന്‍ ഹാട്രിക്കിലൂടെയാണ് അറ്റ്‌ലാന്‍ഡ ജയിച്ചു കയറിയത്. 12, 26, 75 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ലുക്കുമാന്റെ മൂന്ന് ഗോളുകള്‍ പിറന്നത്. പിന്നാലെ ഒരു ചരിത്രം നേട്ടവും കൂടി പിറവിയെടുത്തു. യുവേഫ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ലുക്മാന്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ 67 ശതമാനവും ബോള്‍ പൊസഷന്‍ ലെവര്‍കൂസന്റെ അടുത്തായിരുന്നു. 10 ഷോട്ടുകള്‍ ആണ് എതിരാളികളുടെ പോസ്റ്റിലേക്ക് ജര്‍മന്‍ ക്ലബ്ബ് ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് സാബി അലോണ്‍സക്കും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്. മറുഭാഗത്ത് അറ്റ്‌ലാന്‍ഡ ഉന്നം വെച്ച 10 ഷോട്ടുകളില്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.
Content Highlight: Atlanta won UEAFA Europa League