മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. ഞായറാഴ്ച നടന്ന മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് മയാമിയുടെ പരാജയം.
മെസിയുടെ വരവോടെ പരാജയമെന്തന്നറിയാത്ത കുതിപ്പായിരുന്നു മയാമി നടത്തിയത്. ഇതിനൊപ്പം ആദ്യ കിരീടവും ഹെറോണ്‍സ് നേടി. എന്നാല്‍ വിജയത്തിലും കിരീടനേട്ടത്തിലും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മെസിയില്ലാതെ ഇറങ്ങിയ രണ്ടാം മത്സരത്തിലാണ് മയാമി തോല്‍വി രുചിച്ചത്.
അറ്റ്‌ലാന്റയുടെ ഹോം സ്‌റ്റേഡിയമായ മെര്‍സിഡെസ് ബെന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് മയാമിയായിരുന്നു. എന്നാല്‍ 25ാം മിനിട്ടില്‍ ലിയനാര്‍ഡോ കാംപാനയിലൂടെ മുമ്പിലെത്തിയ മയാമിയെ തുടര്‍ന്നങ്ങോട്ട് എതിരാളികള്‍ പിടിച്ചുകെട്ടുകയായിരുന്നു.
ആദ്യ ഗോള്‍ വഴങ്ങി അധികം വൈകാതെ തന്നെ അറ്റ്‌ലാന്റ ഗോള്‍ മടക്കി. ബ്രൂക്‌സ് ലെനണിന്റെ അസിസ്റ്റില്‍ നിന്നും ട്രിസ്റ്റണ്‍ മുയുംബയാണ് അറ്റ്‌ലാന്റെക്ക് ഈക്വലൈസര്‍ ഗോള്‍ നേടിക്കൊടുത്തത്.
ആദ്യ ഗോള്‍ വഴങ്ങിയെങ്കിലും ആക്രമിച്ചുകളിച്ച ഇന്റര്‍ മയാമിക്ക് തിരിച്ചടിയായി 41ാം മിനിട്ടില്‍ കമാല്‍ മില്ലര്‍ സെല്‍ഫ് ഗോളടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബ്രൂക്‌സ് ലെനണ്‍ അറ്റ്‌ലാന്റെയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
52ാം മിനിട്ടില്‍ അറ്റ്‌ലാന്റെ താരം ലൂയീസ് എബ്രാമിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ വീണുകിട്ടിയ പെനാല്‍ട്ടി കാംപാന ഗോളാക്കി മാറ്റിയതോടെ മയാമി വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍ 76ാം മിനിട്ടില്‍ ജിയോര്‍ഗോസ് ജിയാകുമാകിസിലൂടെ വീണ്ടും ഗോള്‍ നേടിയ അറ്റ്‌ലാന്റ 89ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി. ടൈലര്‍ വൂള്‍ഫാണ് അഞ്ചാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കിയത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മയാമി രണ്ടിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുകയായിരുന്നു.
ഈ തോല്‍വിക്ക് പിന്നാലെ മയാമി 14ാം സ്ഥാനത്ത് തുടരുകയാണ്. 27 മത്സരത്തില്‍ നിന്നും എട്ട് ജയവും 15 തോല്‍വിയും നാല് സമനിലയുമായി 28 പോയിന്റാണ് മയാമിക്കുള്ളത്.
സെപ്റ്റംബര്‍ 21നാണ് എം.എല്‍.എസ്സില്‍ മയാമിയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയിലെ അവസാനക്കാരായ ടൊറെന്റോയാണ് എതിരാളികള്‍.
Content Highlight: Atlanta united defeated Inter Miami