| Thursday, 30th May 2024, 11:06 am

മെസി ഗോളടിച്ചിട്ടും രക്ഷയില്ല; അമേരിക്കന്‍ മണ്ണില്‍ തകർന്നടിഞ്ഞ് ഇന്റര്‍ മയാമി

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. അറ്റ്‌ലാന്‍ഡ് യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയത്.

ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് മയാമി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയും ആയിരുന്നു അറ്റ്‌ലാന്‍ഡ യുണൈറ്റഡ് പിന്തുടര്‍ന്നത്.

മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സബാ ലോബ്ഷാനിഡ്‌സെയാണ് അറ്റ്‌ലാന്‍ഡക്കായി ആദ്യ ഗോള്‍ നേടിയത്. ഈ ഗോളോടുകൂടി ആദ്യപകുതിയുടെ വിസില്‍ മുഴങ്ങുകയും ചെയ്തു. ആദ്യപകുതിയിലെ ഒരു ഗോളിന്റെ ആധിപത്യത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ അറ്റ്‌ലാന്‍ഡ രണ്ടാം പകുതിയിലും തങ്ങളുടെ ഗോളടി മേളം തുടരുകയായിരുന്നു.

59ാം മിനിട്ടില്‍ സബാ ലോബ്ഷാനിഡ്‌സെയിലൂടെ മായാമി രണ്ടാം ഗോള്‍ നേടി. താരത്തിന്റെ മത്സരത്തിലെ രണ്ടാമത്തെ ഗോള്‍ ആയിരുന്നു ഇത്. എന്നാല്‍ മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം സൂപ്പര്‍താരം ലയണല്‍ മെസിയിലൂടെ മയാമി ഒരു ഗോള്‍ തിരിച്ചടിച്ചു.

ഇന്റര്‍മയാമിയുടെ മത്സരത്തിലെ ഏക ഗോളും ഇതായിരുന്നു. പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ 77ാം മിനിട്ടില്‍ ജമാല്‍ തീരയിലൂടെ അറ്റ്‌ലാന്‍ഡ് മൂന്നാം ഗോളും നേടിയതോടെ ഇന്റര്‍മയാണ് പൂർണമായും തോല്‍വി സമ്മതിക്കുകയായിരുന്നു.

മത്സരത്തില്‍ 61 ശതമാനം ബോള്‍ കൈവശം വെച്ച മയാമി എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ഷോട്ടുകള്‍ അടിക്കുന്ന കാര്യത്തില്‍ പുറകിലായിരുന്നു. 12 ഷോട്ടുകളാണ് അറ്റ്‌ലാന്‍ഡ യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് മെസിയും കൂട്ടരും ഉതിര്‍ത്തത്

ഇതില്‍ അഞ്ചണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ മയാമിക്ക് സാധിച്ചത്. മറുഭാഗത്ത് 23 ഷോട്ടുകള്‍ ആണ് യാമിയുടെ പോസ്റ്റിലേക്ക് എതിര്‍ ടീം ഉന്നം വെച്ചത്. ഇതില്‍ എട്ട് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.

തോല്‍വിയോടെ 17 മത്സരങ്ങളില്‍ നിന്ന് 10 വിജയവും നാല് സമനിലയും മൂന്നു തോല്‍വിയും അടക്കം 34 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇന്റര്‍ മയാമി. ജൂണ്‍ രണ്ടിന് എസ്.ടി ലൂയിസിനെതിരെയാണ് മായാമിയുടെ അടുത്ത മത്സരം. ചെയ്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Atlanda United beat Inter Miami

We use cookies to give you the best possible experience. Learn more