| Friday, 30th June 2023, 10:45 am

അത്‌ലറ്റിക്കോ മാഡ്രിഡും ജെറാര്‍ഡ് പിക്വെയും ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്; കുറിയും അമ്പലവുമായി ഇത്തവണ ഇന്റര്‍ കാശിക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നു. ഐ ലീഗിലെ പുതിയ ക്ലബ്ബായ ഇന്റര്‍ കാശി എഫ്.സിക്കൊപ്പമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഇന്ത്യന്‍ ഭൂമികയിലേക്ക് മടങ്ങിയെത്തുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം തന്നെ അന്‍ഡോറന്‍ ലീഗ് ജേതാക്കളായ ഇന്റര്‍ എസ്‌കലേഡ്‌സും മുന്‍ ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വയുടെ ഉടമസ്ഥതയിലുള്ള എഫ്.സി അന്‍ഡാറക്കും ഇന്റര്‍ കാശി എഫ്.സിയില്‍ പങ്കാളിത്തമുണ്ട്. സ്പാനിഷ് രണ്ടാം ഡിവിഷന്‍ (സെന്‍ഗുണ്‍ഡ) ക്ലബ്ബാണ് എഫ്.സി അന്‍ഡാറ.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീം എന്ന പ്രത്യേകതയും ഇന്റര്‍ കാശിക്കുണ്ട്. വാരാണസി ആസ്ഥാനമാക്കിയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.ബി ഗ്രൂപ്പാണ് ഇന്റര്‍ കാശിയുടെ ഉടമകള്‍.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഇന്റര്‍ കാശിയുമായി സഹകരിക്കാന്‍ ക്ലബ്ബിന്റെ ഉടമകളുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

കോര്‍പ്പറേറ്റ് എന്‍ട്രി വഴി നേരിട്ട് ഐ ലീഗിലേക്ക് പ്രവേശിക്കാനാണ് ക്ലബ്ബിന്റെ നീക്കം. ഇതിനായുള്ള നടപടികളും ഇന്റര്‍ കാശി ആരംഭിച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ ഐ ലീഗ് കളിക്കാന്‍ സാധിക്കുമെന്നാണ് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായ കാര്‍ലോസ് സാന്റെമറീനയെയാണ് ക്ലബ്ബ് ഹെഡ് കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ത്യന്‍ ഫുട്‌ബോളുമായി കൈകോര്‍ക്കുന്നത്. ഐ.എസ്.എല്‍ മുന്‍ ചാമ്പ്യന്‍മാരായിരുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (ഇപ്പോള്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്)യുമായും കോള്‍ച്ചെനേറോസിന് പങ്കാളിത്തമുണ്ടായിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം കൊല്‍ക്കത്ത ഗെയിംസ് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, വ്യവസായികളായ ഹര്‍ഷവര്‍ദ്ധന്‍ നിയോട്ടിയ, ആര്‍.പി.എസ്.ജി ഗ്രൂപ്പ് ഉടമ സഞ്ജീവ് ഗോയങ്ക, സിംഫ്‌സ് മാര്‍ക്കറ്റ് ലിമിറ്റഡിന്റെ ഉത്സവ് പരേഖ് എന്നിവരടങ്ങുന്ന ഒരു കണ്‍സോര്‍ഷ്യവുമായുള്ള പങ്കാളിത്തത്തിലായിരുന്നു ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍.

പിന്നീട് ഗോയങ്ക, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഓഹരികള്‍ വാങ്ങിയതോടെയാണ് സ്പാനിഷ് ചാമ്പ്യന്‍മാര്‍ ഇന്ത്യന്‍ ഫുട്ബോളില്‍ നിന്ന് വിട്ടുനിന്നത്.

Content highlight: Atlético Madrid has reached a partnership with Inter Kashi FC

We use cookies to give you the best possible experience. Learn more