സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യത്തെ തോൽവി. മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിനെ വീഴ്ത്തിയത്.
അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ മെട്രോപൊളിറ്റിയൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. നാലാം മിനിട്ടിൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയാണ് ആതിഥേയർക്ക് ലീഡ് നേടികൊടുത്തത്. പെനാൽട്ടി ബോക്സിന്റെ ഇടത് ഭാഗത്തുനിന്നും ലിനോ തൊടുത്തുവിട്ട ക്രോസിൽ തലവെച്ച് മൊറാട്ട ഗോളാക്കി മാറ്റുകയായിരുന്നു.
മത്സരത്തിന്റെ 18ാം മിനിട്ടിൽ ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാനിലൂടെ ആതിഥേയർ ലീഡ് രണ്ടാക്കി ഉയർത്തി. സുൾ നിഗുസിന്റെ ക്രോസിൽ നിന്നും ഗ്രിസ്മാൻ ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 35ാം മിനിട്ടിൽ ജർമൻ സ്‌നൈപ്പർ ടോണി ക്രൂസിലൂടെ റയൽ തിരിച്ചടിച്ചു. പെനാൽട്ടി ബോക്സിന്റെ പുറത്ത് നിന്നും പോസ്റ്റിലേക്ക് ഒരു ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു. ആവേശകരമായ ആദ്യ പകുതി 2-1 ന് ആതിഥേയർ സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അത്‌ലറ്റികോ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. 46ാം മിനിട്ടിൽ മൊറാട്ടയുടെ വകയായിരുന്നു മൂന്നാം ഗോൾ. മത്സരത്തിൽ മൊറാട്ടയുടെ രണ്ടാം ഗോൾ ആയിരുന്നു ഇത്. സുൾ നിഗുസിന്റെ ക്രോസ് പെനാൽട്ടി ബോക്സിൽ തക്കം പാർത്തുനിന്ന മൊറാട്ട റയലിന്റെ വലകുലുക്കുകയായിരുന്നു.
മത്സരം തിരിച്ചുപിടിക്കാൻ റയൽ മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയത് റയലിന് തിരിച്ചടിയായി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മാഡ്രിഡ് ഡെർബിയിലെ വിജയം ആതിഥേയർക്കൊപ്പമായിരുന്നു.
തോൽവിയോടെ ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഒരു തോൽവിയും അടക്കം 15 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒരു സമനിലയും രണ്ട് തോൽവിയുമടക്കം 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്.
16 പോയിന്റുമായി ബാർസലോണയാണ് ലീഗിൽ ഒന്നാമത്.
ലാ ലിയിൽ സെപ്റ്റംബർ 29ന് ഒസാസുനയുമായാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ അടുത്ത മത്സരം. റയൽ മാഡ്രിഡ് സെപ്റ്റംബർ 27ന് ലാസ് പാൽമസിനെയും നേരിടും.
Content Highlight: Atlético Madrid defeated Real Madrid 3-1 in the Madrid derby of La Liga.