| Sunday, 20th February 2022, 6:15 pm

'ഞങ്ങള്‍ കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പം'; സന്ദേശ് ജിംഖാന്റെ സെക്‌സിസ്റ്റ് പരാമര്‍ശം; വിവാദത്തിന് പിന്നാലെ മാപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

പനാജി: ഐ.എസ്.എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സര ശേഷം എ.ടി.കെ മോഹന്‍ബഗാന്‍ താരവും ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ഡിഫെന്ററുമായ സന്ദേശ് ജിംഖാന്റെ പരാമര്‍ശം വിവാദത്തില്‍.

കളി കഴിഞ്ഞു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു ജിംഖാന്റെ വിവാദ പരാമര്‍ശം. ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം(പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിംഖാന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജിംഖാന് നേരിടേണ്ടിവന്നത്. സെക്‌സിസ്റ്റ് പരാമര്‍ശമാണ് ജിംഖാന്‍ നടത്തിയതെന്നാണ് വിമര്‍ശനം.

എന്നാല്‍ തന്റെ പാരമര്‍ശങ്ങക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഖേദപ്രകടനവുമായി ജിംഖാന്‍ രംഗത്തെത്തി. അരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ വേദന മൂലമാണ് അതുപറയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. കളിക്ക് ശേഷം സഹതാരങ്ങളോട് പറഞ്ഞതാണത്.

കളി ജയിക്കാന്‍ കഴിയാത്ത നിരാശയില്‍ നിന്നുണ്ടായ വാക്കുകളാണത്. ഒരു പോയിന്റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നു. ആ സമയത്തെ ചൂടില്‍ ഒരുപാട് കാര്യങ്ങള്‍ പറയും. സാഹചര്യങ്ങളില്‍നിന്ന് അതിനെ അടര്‍ത്തിയെടുക്കുന്നത് എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ്,’ ജിംഖാന്‍ ട്വീറ്റ് ചെയ്തു.

ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിലായിരുന്നു കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍
എ.ടി.കെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കിയത്.

ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ഗില്ലിനെ മറികടന്ന് വലയിലെത്തിയത്.

ബ്ലാസ്റ്റേഴ്സിനായി അഡ്രിയാന്‍ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്. ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്.സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

CONTENT HIGHLIGHTS: ATK Mohun Bagan player  Sandesh Jhingan’s remark after the match against Kerala Blasters in ISL football

We use cookies to give you the best possible experience. Learn more