| Wednesday, 8th January 2020, 9:56 am

ദല്‍ഹി പിടിക്കാന്‍ ആം ആദ്മി; ക്രിസ്തുമത വിശ്വാസിയായ വിദേശിയെന്ന് ബി.ജെ.പി പരിഹസിച്ച വനിതയ്ക്ക് പ്രകടനപത്രിക തയ്യാറാക്കാന്‍ ചുമതല നല്‍കി കെജ്രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ രണ്ടാമതും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനായി പാര്‍ട്ടി മൂന്നംഗ കമ്മറ്റി രൂപീകരിച്ചു.

പാര്‍ട്ടി ദേശീയ വക്താവായ അതിഷി മാര്‍ലെനയാണ് മൂന്നംഗകമ്മിറ്റിയെ നയിക്കുക. അതീഷിയെ കൂടാതെ ഡി.ഡി.സി വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ, പാര്‍ട്ടി ദേശീയ വക്താവ് ഡോ: അജോയ് കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ആംആദ്മി ആദ്യം പ്രഖ്യാപിച്ച പേര് അതിഷിയുടേതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബി.ജെ.പി ദല്‍ഹി ഈസ്റ്റ് മണ്ഡലത്തില്‍ അതിഷിയുടെ പേര് ഒരു ചര്‍ച്ചയാക്കി. മാര്‍ലെന എന്ന പേര് ഭാരതീയമല്ലയെന്നതായിരുന്നു അവരുടെ പ്രചാരണം.

ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്ന അതിഷിയുടെ അച്ഛനമ്മമാര്‍ മാര്‍കിസ്റ്റ് സൈദ്ധാന്തികരായ കാള്‍ മാര്‍കിസിലെ മാറും വ്‌ളാദിമര്‍ ലെനിനിലെ ലേനയും ചേര്‍ത്താണ് ഈ പേര് നിര്‍ദേശിച്ചത്. അതിഷിക്ക് നേരെ ബി.ജെ.പി എന്നും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ആയുധവും പേരും മതവുമാണ്.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനുവരി 20 ന് മുമ്പായി പുറത്തിറക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചത്.
‘ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ജനുവരി പത്തിന് അവസാനിക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അടുത്ത ഘട്ടം പ്രകടന പത്രിക തയ്യാറാക്കലാണ്. ജനുവരി 15 നും 20 നും ഇടയില്‍ ഞങ്ങള്‍ തെരഞ്ഞടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.’ ആംആദ്മി പാര്‍ട്ടി ദല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു.

ഫെബ്രുവരി 8 നാണ് ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11 ന് വോട്ടെണ്ണലും നടക്കും.

2015 ല്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രകടന പത്രികയില്‍ 10-15 പോയിന്റുകള്‍ മാത്രമാണ് ഉണ്ടാവുക. നേരത്തെ 60 ലധികം വാഗ്ദാനങ്ങള്‍ എ.എ.പി മുന്നോട്ട് വെച്ചിരുന്നു.

വിവിധയിടങ്ങളിലായി സംഘടിപ്പിച്ച യോഗങ്ങളിലും വീടുകള്‍ കേറിയുള്ള പ്രചാരണത്തിലും ജനങ്ങളില്‍ നിന്നും നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചെന്നും അതൊക്കെ പ്രകടപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും പാര്‍ട്ടി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more