ന്യൂദല്‍ഹി: ദല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായായി ആം ആദ്മി നേതാവ് അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. രാജ് നിവാസില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയാണ് സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകിയത്. 11 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവിലാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
മദ്യനയ കേസില്‍ ജാമ്യം ലഭിച്ചതോടെ പുറത്തിറക്കിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എ.എ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ രാജി പ്രഖ്യാപനമാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു.
കെജ്‌രിവാൾ മന്ത്രിസഭയിൽ ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയും ദല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ സുഷമ സ്വരാജുമായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍. രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, എ.എ.പി നേതാവ് മനീഷ് സിസോദിയ, ദല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ രാജ് ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
പുതിയ അഞ്ച് മന്ത്രിമാര്‍ക്കൊപ്പമാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. ഗോപാല്‍ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരടങ്ങുന്ന മന്ത്രിസഭയാണ് നിലവില്‍ വന്നിരിക്കുന്നത്.
അതേസമയം 2012ല്‍ ആം ആദ്മി രൂപീകരിച്ചതുമുതല്‍ അതിഷി പാര്‍ട്ടിയിലുണ്ട്. ഏകദേശം ഒരുവര്‍ഷം മുമ്പ് മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും ജയിലിലായതോടെയാണ് അതിഷി മന്ത്രിയാവുന്നത്.
അന്നുമുതല്‍ വിദ്യാഭ്യാസം, ധനകാര്യം തുടങ്ങി 13 വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് അതിഷിയാണ്. 2013ലെ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഡ്രാഫ്റ്റിങ് കമ്മറ്റിയിലെ പ്രധാന അംഗവും അതിഷിയായിരുന്നു. പാര്‍ട്ടിയുടെ നയരൂപീകരണത്തിലുള്‍പ്പെടെ അതിഷിക്ക് വലിയ പങ്കുണ്ട്.
Content Highlight: Atishi sworn in as Delhi’s third woman Chief Minister