| Tuesday, 17th September 2024, 11:49 am

അതിഷി സിങ് പുതിയ ദല്‍ഹി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി സിങ് പുതിയ ഡല്‍ഹി മുഖ്യമന്ത്രിയാകും.ഇതോടെ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാകും അതിഷി. നിയമസഭാകക്ഷി യോഗത്തിന് പിന്നാലെയാണ് തീരുമാനം.

ഇതോടെ ക്ഷീല ദീക്ഷിത്, സുഷമ സ്വരാജ് എന്നിവര്‍ക്ക് ശേഷം തലസ്ഥാനനഗരിയുടെ വനിതാ മുഖ്യമന്ത്രിയായി അതിഷി ചുമതലയേല്‍ക്കും. 2012ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകയായ അതിഷി നിലവില്‍ വിദ്യാഭ്യാസം, ധനകാര്യകാര്യം അടക്കം 13 വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്. ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ അതിഷി മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം ഒരു വര്‍ഷം മുമ്പ് മനീഷ് സിസോദിയ, സത്യേന്ദ്ര ജെയ്ന്‍ എന്നിവര്‍ ജയിലില്‍ ആയതിനെത്തുടര്‍ന്നാണ് അതിഷി സിങ് മുഖ്യമന്ത്രിയാകുന്നത്. ആം ആദ്മിയുടെ ദേശീയ വക്താവ് ആയി മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ള ഇവര്‍ ആം ആദ്മിയുടെ മുതിര്‍ന്ന നേതാവായ മനീഷ് സിസോദിയയുടെ വിശ്വസ്തയായാണ് കണക്കാക്കപ്പെടുന്നത്. ഗോപാല്‍ റായ്, സുനിത കെജ്‌രിവാള്‍, കൈലാഷ് ഗെഹ്‌ലോത്ത് എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.

അതേസമയം ഇന്ന് വൈകീട്ട് 4.30 ഓടെ കെജ്രിവാള്‍ ലഫ്റ്റനന്റ് ജനറല്‍ വി.കെ. സക്സേനയെ കാണും. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

ദല്‍ഹി മദ്യനയക്കേസില്‍ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം നല്‍കിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുന്നതായി അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം ഞായറാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അറിയിച്ചിരുന്നു.

കൂടാതെ മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ദല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടല്ലാതെ താന്‍ മുഖ്യമന്ത്രിയാകില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Atishi singh selected as new CM of Delhi

We use cookies to give you the best possible experience. Learn more