|

മാര്‍ക്‌സിനെയും ലെനിനിനെയും പേരിനൊപ്പം ചേര്‍ത്ത അതിഷി മര്‍ലേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യമാകെ ചര്‍ച്ച ചെയ്തത് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനമായിരുന്നു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്നായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം കെജ്‌രിവാള്‍ പറഞ്ഞത്.

കെജ്‌രിവാളിന്റെ രാജിക്ക് ശേഷം ആരാകും ഇനി ദല്‍ഹി മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഇന്നാണ് ഉത്തരം ലഭിച്ചത്. നിയമസഭാകക്ഷി യോഗത്തിന് പിന്നാലെയാണ് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി സിങ് എന്ന തീരുമാനം പുറത്തുവരുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ അതിഷി ആയിരിക്കും ഇനി ദല്‍ഹിയുടെ മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.

ആരാണ് അതിഷിയെന്ന ചോദ്യത്തിന് നിരവധി മറുപടികളുണ്ട്. 2012 ല്‍ ആം ആദ്മി രൂപീകരിച്ചതുമുതല്‍ അതിഷി പാര്‍ട്ടിയിലുണ്ട്. ഏകദേശം ഒരുവര്‍ഷം മുമ്പ് മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും ജയിലിലായതോടെയാണ് അതിഷി മന്ത്രിയാവുന്നത്. അന്നുമുതല്‍ വിദ്യാഭ്യാസം, ധനകാര്യം തുടങ്ങി 13 വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് അതിഷിയാണ്. 2013ലെ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഡ്രാഫ്റ്റിങ് കമ്മറ്റിയിലെ പ്രധാന അംഗവും അതിഷിയായിരുന്നു. പാര്‍ട്ടിയുടെ നയരൂപീകരണത്തിലുള്‍പ്പെടെ അതിഷിക്ക് വലിയ പങ്കുണ്ട്.

അതിഷി മര്‍ലെന എന്ന പേരുകൊണ്ട് മാത്രം ബി.ജെ.പി അടക്കമുള്ള എതിരാളികള്‍ നിരവധി വ്യാജ പ്രചരണങ്ങള്‍ അതിഷിക്കെതിരെ നടത്തിയിരുന്നു. എന്നാല്‍ ആ പേരിന് അതിന്റേതായ ഒരു രാഷ്ട്രീയമുണ്ട്. ഇടതുപക്ഷ സഹയാത്രികരും മിശ്രവിവാഹിതരുമായിരുന്ന അതിഷിയുടെ രക്ഷിതാക്കള്‍ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പകരം ചേര്‍ത്തതാണ് മര്‍ലെനയെന്ന പേര്. മാര്‍ക്‌സിന്റെയും ലെനിനിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ് മര്‍ലെന എന്ന പേര് അതിഷിക്ക് ലഭിക്കുന്നത്. എന്നാല്‍ തന്റെ പേരിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് ആളുകള്‍ ശ്രദ്ധിക്കേണ്ടതെന്ന നിലപാടും അതിഷിക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പേരില്‍ നിന്നും മര്‍ലെന ഒഴിവാക്കുന്നത്.

1981 ജൂണില്‍ ദല്‍ഹിയില്‍ ജനിച്ച അതിഷി സ്പ്രിങ് ഡെയില്‍ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത്. ശേഷം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ തന്നെ ഗവേഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു.

നിലവില്‍ ദല്‍ഹിയിലെ മുഖ്യമന്ത്രിയായ അതിഷി ഇന്ത്യയിലെ വിദ്യാഭ്യസപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയും കൂടിയായിരുന്നു. നിര്‍ഭയ സംഭവത്തിലുള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളിലും അതിഷി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അതിഷി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2015 മുതല്‍ 2018 വരെ മനീഷ് സിസോദിയയുടെ ഉപദേശകയായും അതിഷി പ്രവര്‍ത്തിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹിയിലെ കല്‍ക്കാജിയില്‍ നിന്നാണ് ഭാരതീയ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥി ധരംബീര്‍ സിങ്ങിനെ പരാജയപ്പെടുത്തി അതിഷി നിയമസഭയിലേക്കെത്തുന്നത്.

അതേസമയം അതിഷിക്ക് പുറമെ ഗോപാല്‍ റോയ്, സുനിത കെജ്‌രിവാള്‍, കൈലാഷ് ഗെഹ്‌ലോത്ത് എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവില്‍ ഏറ്റവും അനുയോജ്യം അതിഷിയാണെന്ന നിയമസഭാകക്ഷിയോഗത്തിന്റെ തീരുമാനം ദല്‍ഹിയുടെയും ആം ആദ്മിയുടെയും ഭാവിയില്‍ എത്രത്തോളം ഗുണപ്രദമാകുമെന്നത് അതിഷിയുടെ മുന്‍കാല സേവനങ്ങളില്‍ നിന്നുതന്നെ പ്രകടമാണ്. പ്രതിസന്ധി ഘട്ടത്തിലായ ആം ആദ്മി പാര്‍ട്ടിയെ നിരവധി സന്ദര്‍ഭങ്ങളില്‍ അതിഷി ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്.

Content Highlight: atishi marlena who combined marx and lenin by name

Video Stories