| Saturday, 4th May 2019, 7:28 pm

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി കെജ്‌രിവാളിനെ ആക്രമിച്ചിട്ടുണ്ട്, ബി.ജെ.പി സ്വന്തം കുഴിതോണ്ടുകയാണ്: അതിഷി മര്‍ലിന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരായ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി നേതാവും ഈസ്റ്റ് ദല്‍ഹി സ്ഥാനാര്‍ത്ഥിയുമായ അതിഷി മര്‍ലിന.

ബി.ജെ.പിയ്ക്ക് ഏത് നില വരെ താഴാന്‍ പറ്റുമെന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ ആക്രമണമെന്ന് അതിഷി മര്‍ലിന പറഞ്ഞു. 2015 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും അവരിത് ചെയ്തിട്ടുണ്ട്. അന്ന് ദല്‍ഹിയിലെ 70 സീറ്റുകളില്‍ 67ലും എ.എ.പി ജയിച്ചു. ഇപ്പോള്‍ ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും എ.എപിയ്ക്ക് കിട്ടുമെന്ന് ബി.ജെ.പി ഉറപ്പു വരുത്തിയിരിക്കുകയാണെന്നും അതിഷി മര്‍ലിന പറഞ്ഞു.

ദല്‍ഹിയിലെ ജനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണമാണിതെന്നും ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചിരുന്നു.

വടക്കന്‍ ദല്‍ഹിയിലെ മോത്തി നഗറില്‍ വെച്ച് തുറന്ന വാഹനത്തില്‍ നിന്ന് ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുരേഷ് എന്നയാള്‍ വാഹനത്തിലേക്ക് കയറി കെജ്‌രിവാളിനെ അക്രമിച്ചത്.

ഇതാദ്യമായല്ല ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ അക്രമിക്കുന്നത്. ഫെബ്രുവരിയില്‍ നരേലയില്‍ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന സമയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ദല്‍ഹി സെക്രട്ടേറിയറ്റിന് പുറത്ത് വെച്ച് കെജ്‌രിവാളിനെതിരെ മുളകുപൊടിയെറിഞ്ഞ സംഭവമുണ്ടായിരുന്നു. 2016ല്‍ ഷൂവേറും മഷിയേറും കെജ്‌രിവാളിനെതിരെ ഉണ്ടായിരുന്നു.

2014ലും കെജ്രിവാളിന് നേരെ ദല്‍ഹിയില്‍ ആക്രമണമുണ്ടായിരുന്നു. 2014ല്‍ ദല്‍ഹി സുല്‍ത്താന്‍പുരിയില്‍ വെച്ച് റോഡ് ഷോയ്ക്കിടെ ഓട്ടോ ഡ്രൈവര്‍ കെജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more