ന്യൂദൽഹി: ദൽഹി നിയമസഭാ നടപടികളിൽ നിന്ന് ആം ആദ്മി പാർട്ടി എം.എൽ.എമാരെ മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ സഭാവളപ്പിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പ്രതിപക്ഷ നേതാവ് അതിഷി. ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം സ്വേച്ഛാധിപത്യത്തിന്റെ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് അതിഷി വിമർശിച്ചു.
ചൊവ്വാഴ്ച സഭാ നടപടികൾ ആരംഭിച്ചയുടനെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തതിൽ അതിഷിയും മറ്റ് എ.എ.പി. എം.എൽ.എമാരും പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് പുതുതായി രൂപീകരിച്ച സഭയിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ ഉദ്ഘാടന പ്രസംഗം തടസപ്പെടുത്തിയെന്നാരോപിച്ച് 21 എ.എ.പി. എം.എൽ.എമാരെ സ്പീക്കർ വിജേന്ദർ ഗുപ്ത സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
‘ജയ് ഭീം എന്ന മുദ്രാവാക്യം വിളിച്ചതിന് ആം ആദ്മി എം.എൽ.എമാരെ സഭയിൽ നിന്ന് മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്ന് അവരെ വിധാൻ സഭ പരിസരത്ത് പ്രവേശിക്കാൻ പോലും അനുവദിക്കുന്നില്ല. ദൽഹി നിയമസഭയുടെ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു സംഭവം ഇതുവരെയും സംഭവിച്ചിട്ടില്ല ,’ അതിഷി എക്‌സിൽ പോസ്റ്റ് ചെയ്തു.
ബി.ജെ.പി അധികാരത്തിൽ വന്നതോടെ ദൽഹി സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും അംബേദ്കറുടെ ചിത്രങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം നീക്കം ചെയ്തിരുന്നു. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്ത ബി.ജെ.പി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഓഫീസില്‍ സ്ഥാപിച്ചു.
ഇതിനെതിരെ പ്രതിഷേധിച്ചതിനാണ് എം.എൽ.എമാരെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട എ.എ.പി നിയമസഭാംഗങ്ങൾ പിന്നീട് അസംബ്ലി വളപ്പിൽ അംബേദ്കറുടെ ഛായാചിത്രങ്ങളുമായി പ്രതിഷേധം നടത്തി, ‘ബാബാസാഹിബിനോടുള്ള ഈ അപമാനം ഇന്ത്യ സഹിക്കില്ല’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി അവർ പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളില്‍ നിന്നും അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നീക്കിയതായി പ്രതിപക്ഷ നേതാവ് അതിഷി മാര്‍ലേന പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ദളിത്-സിഖ് വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു.