| Saturday, 11th May 2019, 6:49 pm

മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച ആതിഷ് തസീര്‍ പാക് പൗരന്‍, മോദിയെ വെറുക്കാന്‍ കാരണം ബാലാക്കോട്ട് ആക്രമണം; ആരോപണവുമായി സാംപിത് പത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടൈം മാഗസിന്റെ ഫീച്ചര്‍ സ്റ്റോറിയില്‍ മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച ആതിഷ് തസീര്‍ പാകിസ്ഥാന്‍ പൗരനെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സാംപിത് പത്ര. പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ പേരിലാണ് മോദിയെ ഇവര്‍ വെറുക്കുന്നതെന്നും പത്ര ആരോപിക്കുന്നു.

‘പ്രധാനമന്ത്രിയെ ഭിന്നിപ്പിന്റെ നേതാവെന്ന് വിശേഷിപ്പിച്ചയാള്‍ പാകിസ്ഥാന്‍ പൗരനാണ്. പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പേരിലാണ് അവര്‍ മോദിയെ വെറുക്കുന്നത്’- പത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ ലണ്ടനില്‍ ജനിച്ച തസീര്‍ വളര്‍ന്നത് ദല്‍ഹിയിലാണ്.  പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ തവ്‌ലീന്‍ സിങിന്റെയും, പാകിസ്ഥാനിലെ രാഷ്ട്രീയ നേതാവായിരുന്ന സല്‍മാന്‍ തസീറിന്റെയും മകനാണ് ആതിഷ്. ആതിഷ് പാകിസ്ഥാന്‍ പൗരനാണെന്നതിന് പത്ര തെളിവുകളൊന്നും നല്‍കിയിട്ടുമില്ല.

ദല്‍ഹിയില്‍ വളര്‍ന്ന ആതിഷിന്റെ ആദ്യ കാല വിദ്യാഭ്യാസം കൊടൈക്കനാലിലെ റെസിഡന്‍ഷ്യല്‍ വിദ്യാലയത്തിലായിരുന്നു. പിന്നീട് തുടര്‍പഠനത്തിനായി ആതിഷ് മസാച്യുസെറ്റിലേക്ക് പോവുകയായിരുന്നു.

ലേഖനം പുറത്തു വന്നതിന് പിന്നാലെ ആതിഷ് തസീറിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമായിരുന്നു ട്വിറ്ററിലൂടെയും മറ്റും വ്യാജപ്രചാരണങ്ങള്‍ നടന്നത്.

ആതിഷ് കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത്, അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനായിരുന്നു ബി.ജെ.പി അനുഭാവികളുടെ ശ്രമം. വിക്കിപീഡിയയിലെ വരുത്തിയ മാറ്റങ്ങളില്‍ അക്ഷരത്തെറ്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്.

‘അപ്പോള്‍ ഇയാള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ടൈം മാഗസിന് അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ട് അവര്‍ ഇടതു പക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമൊന്നുമില്ല’.

ആതിഷിനെതിരെ വന്ന ബി.ജെ.പി അനുഭാവിയായ ശശാങ്ക് സിങ് എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ ട്വീറ്റാണിത്. ഇത് 500ലധികം തവണയാണ് റീഷെയര്‍ ചെയ്തിട്ടുള്ളത്. ഇയാളെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചൗകിദാര്‍ സ്മൃതി ഇറാനി എന്ന ട്വിറ്റര്‍ അക്കൗണ്ടും ഫോളോ ചെയ്യുന്നുണ്ട്.

ആതിഷിന്റെ വിക്കിപീഡിയ പേജ് മെയ് പത്തിന്, അതായത് മോദിയെക്കുറിച്ചുള്ള ഫീച്ചര്‍ സ്റ്റോറി ടൈം പ്രസിദ്ധീകരിച്ച ദിവസം നിരവധി തവണയാണ് എഡിറ്റ് ചെയ്യപ്പെട്ടതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനവും മോദിയുടെ കാരിക്കേച്ചറും ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

എന്നാല്‍ ആദ്യമായാണ് ബി.ജെ.പിയുടെ ഒദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് ലേഖനത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നത്.

We use cookies to give you the best possible experience. Learn more