| Sunday, 25th August 2024, 7:28 pm

ചെഗുവേരയെ ഉദ്ധരിച്ച് അതിജീവിത; 'ലോകത്തെവിടെയും ആര്‍ക്കുമെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിയണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ചെഗുവേരയുടെ വാക്കുകള്‍ പരാമര്‍ശിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. ചെഗുവേരയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് അതിജീവിത അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചത്. ലോകത്തെവിടെയും ആര്‍ക്കുമെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാകണമെന്നാണ് അതിജീവിതയുടെ പോസ്റ്റില്‍ പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാവ്യവസായവും സര്‍ക്കാരും രൂക്ഷ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് അതിജീവിതയുടെ പ്രതികരണം. നേരെത്തെ ‘തിരിഞ്ഞുനോട്ടം’ എന്ന അടിക്കുറിപ്പോട് കൂടി അതിജീവിത മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

മണിക്കൂറുകള്‍ക്ക് മുമ്പേ അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, അഭിനേത്രികളായ രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍ എന്നിവരും അതിജീവിതയുടെ പോരാട്ടത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് ഇതിന്റെയെല്ലാം തുടക്കമെന്നായിരുന്നു മൂവരുടെയും പ്രതികരണം. ആ പോരാട്ടം കേരളത്തിലെ ജനങ്ങള്‍ മറക്കരുതെന്നും പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഡബ്ല്യു.സി.സിയും രംഗത്തെത്തിയിരുന്നു. ഡബ്ല്യു.സി.സിയുടെ സ്ഥാപക അംഗം സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് മൊഴി നല്‍കിയെന്ന പരാമര്‍ശമാണ് വിമര്‍ശനം ഉയരാന്‍ കാരണമായത്.

എന്നാല്‍ ഒരു കാലത്ത് സോഷ്യല്‍ മീഡിയകളില്‍ ക്രൂശിക്കപ്പെട്ടവരെ, ഒരു വിഭാഗം ആളുകളെങ്കിലും കേള്‍ക്കാനും അംഗീകരിക്കാനും തയ്യാറാവുന്ന സാഹചര്യത്തെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിലവില്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളില്‍, ഞായറാഴ്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകനായ രഞ്ജിത്തും അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവെച്ചിരുന്നു.

ബംഗാളി നടിയായ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് രഞ്ജിത്ത് രാജിവെച്ചത്. യുവനടിയായ രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടന്‍ സിദ്ദിഖ് രാജി. നിലവില്‍ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്.

അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേകഏഴംഗ സംഘത്തെ നിയോഗിക്കും. മൊഴി ലഭിച്ചാല്‍ കേസെടുത്ത് തുടര്‍ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. നേരത്തെ പരാതി ലഭിക്കാത്തപക്ഷം കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Content Highlight: Atijeevitha in the case where the actress was attacked by referring to the Che Guevara

We use cookies to give you the best possible experience. Learn more