| Tuesday, 28th May 2019, 9:41 am

ബി.ജെ.പി വിജയത്തിന് കാരണം കോണ്‍ഗ്രസ്; വിലകുറഞ്ഞ നാടകം കളിക്കാതെ രാഹുല്‍ രാജിവെക്കണമെന്ന് സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ഉത്തരവാദി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍. രാഹുല്‍ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നാടകം കളിക്കാതെ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമാണെന്ന് കരുതിയ ഇടങ്ങളില്‍ ഒന്നും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചില്ല. അടുത്തിടെ അധികാരത്തിലെത്തിയ ആത്മവിശ്വാസത്തില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇഞ്ച് പോലും ഇടം നല്‍കിയില്ല. മൂന്നിടത്തും ഫലം വന്‍ തോല്‍വിയാണെന്നും അതുല്‍കുമാര്‍ അഞ്ജന്‍ വിമര്‍ശിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജിഭീഷണിയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിലകുറഞ്ഞ നാടകം കളിക്കുകയാണെ നല്ലൊരു രാഷ്ട്രീയക്കാരനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. ബി.ജെ.പിയുടെ വിജയത്തിന് ഉത്തരവാദി രാഹുല്‍ഗാന്ധി ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും സി.പി.ഐ നേതാവ് വ്യക്തമാക്കി.

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ പേരും പരിഗണനയിലുണ്ട്. ഇവരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പൃഥ്വിരാജ് ചവാനേയും ജ്യോതിരാദിത്യ സിന്ധ്യയേയും പരിഗണിക്കുന്നുണ്ട്.

എന്നാല്‍ സംഘടനാപാടവത്തില്‍ മികവ് തെളിയിച്ചിട്ടുള്ള സച്ചിന്‍ പൈലറ്റിന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍ഗണ ലഭിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്.

സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതില്‍ സംസ്ഥാനത്ത് കടുത്ത അമര്‍ഷം ഉടലെടുത്തിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനാകുമെന്നായിരുന്നു വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more