| Monday, 27th May 2019, 9:02 am

കോണ്‍ഗ്രസ് തിരിച്ചുപിടിക്കേണ്ടത് രാഷ്ട്രീയമാണ്, രാഷ്ട്രീയാധികാരമല്ല

അതുല്‍.പി

മോഹന്‍ദാസ് ഗാന്ധിയും നാരായണ ഗുരുവും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ ഗാന്ധി നാരായണ ഗുരുവിനോട് ഇന്ത്യ സ്വാതന്ത്രമാവുമോ എന്ന് ചോദിക്കുമ്പോള്‍ ഗുരു നല്‍കിയ മറുപടി സ്വാതന്ത്രമാവും എന്നാല്‍, അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പാരതന്ത്ര്യം മറികടക്കാന്‍ മഹാത്മജി ഒന്നുകൂടി വരേണ്ടി വരുമെന്നാണ്.

സ്വാതന്ത്ര്യ സമരാനന്തരം ഒരുപക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റവും ഗൗരവത്തോടെ ഏറ്റെടുക്കേണ്ടിയിരുന്ന എന്നാല്‍ സമഗ്രമായ നിലയില്‍ ഏറ്റെടുക്കാന്‍ കഴിയാതെ പോയ അപകോളനീകരണ പദ്ധതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയാണ് ഗുരുവിന്റെ വാക്കുകളില്‍ വായിച്ചെടുക്കാനാവുന്നത്.

നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഒരു വലിയ വെല്ലുവിളി അതിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള, അധികാര സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത ധാരാളം വ്യക്തികള്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നതാണ്. യഥാര്‍ത്ഥത്തില്‍ ആ സാഹചര്യത്തെ പോസിറ്റീവ് ആയിട്ടാണ് കാണേണ്ടത്. ഇന്ത്യ സ്വതന്ത്രമായതോടെ തങ്ങള്‍ കയ്യാളുന്ന സാമൂഹിക സാമ്പത്തികാധികാരം നിലനിര്‍ത്താനും, അതിനെ രാഷ്ട്രീയത്തിലൂടെ സ്ഥാപിച്ചുകൊണ്ടേയിരിക്കാനും ആഗ്രഹിച്ച ഒരു വിഭാഗം, അത് ചേക്കേറിയിരിക്കുന്ന ഇടത്തിന് അധികാരം നഷ്ടമായാല്‍ അധികാരമുള്ളിടത്തേക്ക് തൊട്ടടുത്ത ദിവസം തന്നെ കൂടുമാറും. അങ്ങനെ പോവുന്ന ആ വിഭാഗമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും അതിന്റെ രാഷ്ട്രീയം ചോര്‍ത്തിക്കളഞ്ഞത്. ആ നിലയില്‍ അവരുടെ കൊഴിഞ്ഞുപോക്ക് രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് സുവര്‍ണാവസരമാണ്. ഇന്ത്യയുടെ ജനങ്ങളുടെ വിമോചനത്തിലേക്ക് നയിക്കാന്‍ അതു നഷ്ടപ്പെടുത്തിക്കളഞ്ഞ വണ്ടിയില്‍ കയറിപ്പറ്റാനുള്ള അവസരം.

2014ഓടെ അലയടിച്ച മോദി തരംഗം ഇനിയും അവസാനിച്ചിട്ടില്ല. 2014ഇല്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും നേടി ബിജെപിയുടെ നേതൃത്വത്തില്‍ എന്‍. ഡി. എ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു.മുന്‍പ് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ കൂടി സാന്നിധ്യമറിയിക്കാനും വേരുറപ്പിക്കാനും നിലവിലെ ഭരണകക്ഷിക്ക് സാധിച്ചിരിക്കുന്നു.മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 8 സീറ്റുകള്‍ മാത്രം അധികമേ നേടാന്‍ കഴിഞ്ഞുള്ളു. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ മുന്നണിക്ക് 31 സീറ്റുകള്‍ മാത്രമേ അധികം നേടാനായുള്ളു. ഒരു ഘട്ടത്തില്‍ ദേശിയ ബദലായി ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കപെട്ട ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തം തട്ടകമായ ഡല്‍ഹിയില്‍പോലും പകുതി മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. 34 സീറ്റുകള്‍ നേടിയ തൃണമൂല്‍ 22 സീറ്റുകളില്‍ ഒതുങ്ങി. ബംഗാളിലും ത്രിപുരയിലും നീണ്ട കാലം ഭരണം നടത്തിയിരുന്ന പ്രമുഖ ഇടതുപാര്‍ട്ടിയുടെ വോട്ടിന്റെ സിംഹഭാഗവും അവിടങ്ങളില്‍ ബി ജെ പിയിലേക്ക് ചോര്‍ന്നിരിക്കുന്നു. യു പിയിലെ എസ് പി- ബി എസ് പി സഖ്യത്തിന് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഡി എം കെ, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ജെ ഡി യു എന്നിവര്‍ നില മെച്ചപ്പെടുത്തി.

കാര്യങ്ങളിങ്ങനെയാണെങ്കിലും ത്രികോണ മത്സരം നടന്ന ദല്‍ഹിയില്‍ നോട്ടക്ക് വേണ്ടി പ്രചാരണം നടത്തിയ പ്രമുഖന്‍ യോഗേന്ദ്ര യാദവ് മുതല്‍, തകര്‍ന്നടിഞ്ഞ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ വരെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പിയുടെ പ്രഖ്യാപിത അജണ്ട ഏറ്റെടുക്കാന്‍ പോവുന്ന അപ്രഖ്യാപിത സഖ്യകക്ഷിയായി പ്രവര്‍ത്തിക്കാനാണ് ഈ തെരെഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ ആലോചിക്കുന്നത് എന്നാണ് ആദ്യ ഘട്ട സൂചനകള്‍.

43 % വോട്ട് നേടിയ ഒരു പാര്‍ട്ടിയെ രാഷ്ട്രീയാധികാരത്തില്‍ നിന്നും നീക്കാന്‍ ഒരു സഖ്യത്തിനും സാധിക്കില്ല എന്നതായിരുന്നു ലളിതമായ യാഥാര്‍ഥ്യം. ജനവിധിയോട് വിനയം കാണിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം മറന്നുപോയാല്‍ ആര്‍ക്കും മുന്നോട്ടുപോവാനാവില്ല.
കോണ്‍ഗ്രസ് ദേശിയ തലത്തില്‍ നേരിട്ട തിരിച്ചടിയെ സംബന്ധിക്കുന്ന പല നിരീക്ഷണങ്ങള്‍ വരുന്ന സമയമാണ്.അത്തരം ചര്‍ച്ചകള്‍ കേവലം പി ആര്‍ തന്ത്രങ്ങളുടെ വിശകലനത്തിലോ വ്യക്തികളുടെ പ്രഭാവത്തിലോ ഒതുങ്ങിക്കൂടാ.

പുത്തന്‍ സാമ്പത്തിക നയമുള്‍പ്പടെ കോണ്‍ഗ്രസ് നടപ്പിലാക്കിയ നയങ്ങളുടെ ഗുണഫലങ്ങള്‍ നമ്മുടെ രാജ്യത്ത് വലിയ മാറ്റമുണ്ടാക്കിയെങ്കിലും, വിവിധ ജനവിഭാങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ കനത്ത തിരിച്ചടിയെ കാണാതെ പുരോഗതിയുടേതായ ഒരു ബദല്‍ മാതൃക ആരംഭിക്കാനാവില്ല.

ആത്മ പരിശോധന തന്നെയാണ് ആദ്യ ഘട്ടം. മറ്റു പല രാഷ്ട്രീയ ധാരകളെയും പോലെ ആത്യന്തിക സത്യത്തിലേക്ക് ഏക രേഖീയമായി നീങ്ങുന്ന അടഞ്ഞ കേഡര്‍ സംവിധാനമല്ല കോണ്‍ഗ്രസ് എന്നുള്ളതുകൊണ്ട് തന്നെ തിരുത്താന്‍ അതിനു സാധ്യതകളുണ്ട്.

1990 കള്‍ക്ക് ശേഷം ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് ലക്ഷങ്ങളാണ് .. കടം എഴുതിത്തള്ളുന്നതിനപ്പുറം അവരുടെ പ്രശ്‌ന പരിഹാരത്തിന് വേണ്ട ഒരു സമഗ്ര നയം രൂപപ്പെടുത്തേണ്ടതുണ്ട്. ഇടത്തരം ഭൂവുടമകളുടെ പ്രശ്‌നങ്ങളില്‍ പരിമിതപ്പെട്ടുപോവാതെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെയും കാണണം. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട മാംസച്ചവടം പോലെയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെയൊക്കെ സംഘടിപ്പിക്കാന്‍ കഴിയുന്ന പോഷക സംഘടനകള്‍ വേണം. അധികാരത്തിലെത്തുന്നതിനപ്പുറം അവരുടെ പ്രശ്‌നങ്ങളില്‍ ഒരു കാഴ്ചപ്പാടോടുകൂടി ദൈനം ദിന ജീവിതത്തില്‍ ഇടപെടാന്‍ കഴിയണം.

പശു രാഷ്ട്രീയത്തിലടക്കം കടന്നുവരുന്ന സാമ്പത്തികമായ ലെയറിനെ കാണാതെയോ തുറന്നുകാണിക്കാതെയോ അതിനെ നേരിടാന്‍ സാധിക്കില്ല.

ഇന്ത്യന്‍ കലാലയങ്ങള്‍ പല വിധത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇടതു സംഘടനകളോ അംബേഡ്കരിറ്റുകളോ മാത്രമല്ല nsui പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രതിരോധിക്കാന്‍ ബാധ്യതയുണ്ട്.ഒരു കനയ്യകുമാറോ ഷെഹലാ റഷീദോ എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനകളിലൂടെ വരുന്നില്ല എന്ന് കണ്ടെത്തി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സാങ്കേതിക പ്രതിപക്ഷം മാത്രമായി കോണ്‍ഗ്രസ് തുടരും.

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ nyay സംഘടനക്കകത്തും സ്ഥാനാര്‍ഥി നിര്‍ണയത്തിലും കൊണ്ടു വരണം. ഒഡീഷയിലെ 21 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏഴ് സ്ത്രീകളെയായിരുന്നു ബിജെഡി സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരുന്നത്. ഇവരില്‍ ആറ് പേരും വിജയിച്ചു. ജയിച്ചസ്ത്രീകളില്‍ രണ്ടുപേര്‍ ആദിവാസികളും, രണ്ട് പേര്‍ ദളിത് വിഭാഗത്തില്‍ പെട്ടവരും ആണ്.
ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വിജയിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ 15 പേര്‍ സ്ത്രീകളാണ്. കേരളം പോലും പിറകില്‍ ആണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിലപേശല്‍ ശക്തിയുള്ള ഉള്ള മുസ്ലിം -ഒബിസി വിഭാഗങ്ങളുടെ പോലെ തന്നെ അതില്ലാത്ത അവശവിഭാഗങ്ങളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം.

പ്രവര്‍ത്തന ഫണ്ട് സംബന്ധിച്ച ഒരു സമാന്തര മോഡല്‍ ഉണ്ടാക്കാന്‍ കഴിയണം. അതില്ലാതെ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ല . അതിനു വേണ്ടിയുള്ള പ്രായോഗികമായ ശ്രമങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയണം.

ഭൂപ്രശ്‌നം പോലെ ഭൂതകാലത്തിലെ പരിമിതികള്‍ കൊണ്ടിടപെടാന്‍ കഴിയാതെപോയ പ്രശ്‌നങ്ങളിലും, വര്‍ത്തമാനകാലത്തെ പരിസ്ഥിതി പ്രതിസന്ധികളിലും രാഷ്ട്രീയമായ കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ സാധിക്കണം.രാഷ്ട്രത്തിലെ വിഭവങ്ങളെ ഓരോന്നിനെയും സമഗ്രമായി കാണാന്‍ കഴിയുന്ന ഹിന്ദുത്വ ഇതരമായ രാഷ്ട്ര നിര്‍മ്മാണ ഭാവന വരണം.

ഒപ്പം ഇന്ത്യന്‍ ജനത കോണ്‍ഗ്രസിനെ കയ്യൊഴിയാന്‍ ഇടയാക്കിയ നാണം കേട്ട അഴിമതിയുടെ അധ്യായങ്ങള്‍ മറക്കാതിരിക്കണം.
രാഷ്ട്രീയവല്‍ക്കരിക്കാതെ രാഷ്ട്രാധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ഗാന്ധി പണ്ടു പരിഹസിച്ച പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന നാഗരിക മധ്യവര്‍ഗത്തിന്റെ ക്ലബായി പോലും നിലനിര്‍ത്താന്‍ ഇന്ത്യന്‍ ജനത ബാധ്യതപ്പെട്ടിട്ടുണ്ട് എന്നു കരുതാനാവില്ല.

കേരളത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിജയമുണ്ടായിയെങ്കിലും ചലിക്കുന്ന സംഘടനാ സംവിധാനത്തിനും, കെട്ടുറപ്പുള്ള മുന്നണി സംവിധാനത്തിനുമൊപ്പം രാഷ്ട്രീയവല്‍ക്കരണം കൂടി അനിവാര്യമാണ്. ഇടതു ജനാധിപത്യ മുന്നണിയെ വിമര്‍ശിച്ചു നന്നാക്കാന്‍ ശ്രമിച്ച് വ്യക്തിഹത്യയും പരിഹാസവുമേറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തികളും, നവസാമൂഹിക പ്രസ്ഥാനങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന് വേണ്ടി ഇടപെടുന്നത് ഗുണകരമായ ഫലങ്ങളുണ്ടാക്കാന്‍ ഇടയായേക്കും.

ഒപ്പം രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന രാഷ്ട്രീയസമീപനം അഭിനന്ദിക്കപ്പെടേണ്ടതാണ്എന്നു തോന്നുന്നു. പലരും പറഞ്ഞതുപോലെ ഹിംസയുടെയും അസഹിഷ്ണുതയുടെയും നുണകളുടെയും വ്യക്തിഹത്യയുടേയും സത്യാനന്തര കാലത്ത് സ്‌നേഹം, സത്യം, ബഹുമാനം ഇവയൊക്കെ ഉയര്‍ത്തിപിടിച്ചു വര്‍ത്തമാന ലോക രാഷ്ട്രീയത്തിന് തന്നെ അനിവാര്യമായ ഒരു ബദല്‍ മാതൃകയുടെ തുടക്കം ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. അതു പാര്‍ട്ടിയുടെ പൊതു സംസ്‌കാരമായി വളര്‍ത്തിയെടുക്കാന്‍ കഴിയണം. സൈബര്‍ സ്‌പേസുകളില്‍ പോലും അത്തരമൊരു സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വേറിട്ട സ്വരമായി മാറാന്‍ പറ്റണം.
രാഹുല്‍ ഗാന്ധി പ്രസിഡണ്ടായി തുടരണോ വേണ്ടയോ എന്ന തീരുമാനം അയാള്‍ ആവശ്യപ്പെട്ട പോലെ അയാള്‍ക്കും വര്‍ക്കിങ് കമ്മിറ്റിക്കും വിടാം . പക്ഷേ, അയാളുടെ രീതിശാസ്ത്രം വിട്ടുകളഞ്ഞുകൂടാത്തതാണ്.

അതുല്‍.പി

ദല്‍ഹി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി

We use cookies to give you the best possible experience. Learn more