ജോസഫിന് ശേഷം സോഫ്റ്റ് കഥാപാത്രങ്ങള്‍ മാത്രമാണ് വന്നത്: ആത്മീയ
Entertainment news
ജോസഫിന് ശേഷം സോഫ്റ്റ് കഥാപാത്രങ്ങള്‍ മാത്രമാണ് വന്നത്: ആത്മീയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th August 2023, 4:18 pm

 

അച്ഛനൊരു വാഴ വെച്ചു എന്ന സിനിമയിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആത്മീയയും നിരഞ്ജ് മണിയന്‍പിള്ള രാജുവും. ജോസഫിന് ശേഷം തനിക്ക് വളരെ സോഫ്റ്റായ കഥാപാത്രങ്ങളാണ് വന്നതെന്നും തനിക്ക് അതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നെന്നും ആത്മീയ പറഞ്ഞു. അച്ഛനൊരു വാഴവെച്ചു സിനിമ തെരഞ്ഞെടുക്കാന്‍ കാരണം താനിത് വരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് തോന്നിയതുകൊണ്ടാണെന്നും ആത്മീയ പറഞ്ഞു. ക്ലബ് എഫിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ജോസഫിന് ശേഷം അത്തരം സോഫ്റ്റായ ക്യാരക്ടേഴ്‌സാണ് വരുന്നത്. ഞാന്‍ 2009ല്‍ തുടങ്ങിയെങ്കിലും എനിക്ക് ചില ഇടവേളകളൊക്കെ വന്നിട്ടുണ്ട്. പിന്നെ ജോസഫിന് ശേഷമാണ് ഒന്ന് ആക്ടീവായി ചെയ്യാന്‍ തുടങ്ങുന്നത്. അപ്പോള്‍ വരുന്ന ക്യാരക്ടേഴ്‌സൊക്കെ അങ്ങനെ സോഫ്റ്റ് ക്യാരക്ടേഴ്‌സായിരുന്നു. അപ്പോള്‍ അതില്‍ നിന്ന് മാറിയുള്ള ക്യാരക്ടറുകള്‍ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് അഭ്യൂഹത്തിലെ അഡ്വക്കേറ്റ് മഞ്ജരി എന്ന ക്യാരക്ടര്‍ ചെയ്യുന്നത്. എനിക്ക് നല്ല ഗുണം ചെയ്ത സിനിമയായിരുന്നു അത്. കണ്ടവരൊക്കെ നന്നായിട്ടുണ്ടെന്ന രീതിയില്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അച്ഛനൊരു വാഴവെച്ചു സിനിമ തെരഞ്ഞെടുക്കാന്‍ കാരണം ഞാനിത് വരെ ചെയ്ത് വെച്ചതില്‍ നിന്നും വ്യത്യസ്തമായിരിക്കുമിതെന്ന് തോന്നിയതുകൊണ്ടാണ്. ആര്‍.ജെ ആയിട്ടുള്ള കഥാപത്രമായതിനാല്‍ നല്ല ചലഞ്ചിങ് ആയിരുന്നു. എന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തത് പോലെ കുറച്ച് മാത്രം സ്‌ക്രീന്‍ പ്രസന്‍സ് ഉള്ളതുമല്ല, ആര്‍.ജെ ആയതുകൊണ്ട് ഒത്തിരി ഡയലോഗും ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ചലഞ്ചിങ് തന്നെയായിരുന്നു. സമയമെടുത്താണ് ചെയ്തത്. പൊതുവെ പതിയെ പതിയെ സംസാരിക്കുന്ന നേച്ചര്‍ ആണ് എനിക്ക്. ആര്‍.ജെ ആയിട്ടുള്ളതില്‍ അവതരിപ്പിക്കുന്നത് നൈറ്റ് ഷോയില്‍ അല്ല, മോണിങ് ഷോയില്‍ ആയിരുന്നു. അപ്പോള്‍ അത്രയും വൈബ്രന്റായി, പ്ലസന്റായി വേണം ചെയ്യാന്‍. അത് എങ്ങനെ ചെയ്യുമെന്ന ഭയം ഉണ്ടായിരുന്നു,’ ആത്മീയ പറഞ്ഞു.

സിനിമയില്‍ ഡാന്‍സ് ചെയ്തതിനെ കുറിച്ചും ആത്മീയ സംസാരിച്ചു. തനിക്ക് ഡാന്‍സ് ചെയ്യുന്നത് പേടിയാണെന്നും ചെയ്‌തേ പറ്റൂവെന്ന സാഹചര്യം വരുമ്പോള്‍ ചെയ്ത് പോകുന്നതാണെന്നും ആത്മീയ പറഞ്ഞു.

‘എനിക്ക് ഡാന്‍സ് എന്ന് പറയുമ്പോഴെ പേടിയാണ്. അപ്പോള്‍ പറഞ്ഞ് തന്നാല്‍ അപ്പോള്‍ തന്നെ കിട്ടില്ലെന്നൊക്കെയുള്ള ചിന്തയാണ്. പക്ഷെ പഠിച്ചേ പറ്റുകയുള്ളൂ. അങ്ങനെ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ചെയ്ത് പോകുന്നതാണ്. എങ്ങനെയാണ് ഞാനതില്‍ ഡാന്‍സ് ചെയ്തിരിക്കുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല,’ ആത്മീയ പറഞ്ഞു.

അച്ഛനൊരു വാഴ വെച്ചു എന്ന സിനിമയുടെ ടൈറ്റിലിനെ കുറിച്ച് നിരഞ്ജ് മണിയന്‍പിള്ള രാജുവും സംസാരിച്ചു. ക്യൂരിയോസിറ്റി ഉണര്‍ത്തുന്ന ടൈറ്റിലാണിതെന്നും ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു. സ്ഥിരം കേട്ടുവരുന്ന ഒരു വാചകമാണിതെന്നും അതുകൊണ്ട് ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും നിരഞ്ജ് പറഞ്ഞു.

‘ക്യൂരിയോസിറ്റി ഉണര്‍ത്തുന്ന ടൈറ്റിലാണ്. എവിടെയെങ്കിലും ഒരു പോസ്റ്റര്‍ കണ്ടാല്‍ എന്തായാലും ഒന്ന് ശ്രദ്ധിക്കും, ഇതെന്താ സംഭവമെന്ന് വിചാരിച്ച് നോക്കും. സംസ്‌കൃതത്തില്‍ നിന്ന് കടുകട്ടിയുള്ള വാക്ക് എടുത്തിട്ടാല്‍ പോലും സ്‌ക്രോള്‍ ചെയ്ത് പോകുമായിരിക്കും. പക്ഷെ ഇത് കണ്ടാല്‍ ഇതെന്താ സംഭവം എന്ന് വിചാരിച്ച് നോക്കും, ഒന്ന് കളിയാക്കാന്‍ വേണ്ടിയെങ്കിലും കമന്റ് വരുമായിരിക്കും. അങ്ങനെ കമന്റ്സ് വരുകയും ചെയ്തു. ഇപ്പോള്‍ ഒരുപാട് വ്യത്യസ്തമായ ടൈറ്റിലുകള്‍ വരുന്നുണ്ട്. കൂതറ എന്ന ടൈറ്റിലുണ്ട്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ടൈറ്റിലുണ്ട്. വ്യത്യസ്ഥമായ ടൈറ്റിലുള്ള ഒരു ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അതുകൊണ്ട് അച്ഛനൊരു വാഴ വെച്ചു എന്നത് ഔട്ട് ഓഫ് ദി ഓര്‍ഡിനറി ഒന്നുമല്ല. നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകവുമാണ്. ആരെങ്കിലും എന്തെങ്കിലും പ്രശ്നം കാണിച്ചാല്‍ മക്കളെ പറ്റി പറയുന്നത് കൂടിയാണ്, അച്ഛന്‍ ഒരു വാഴ വെച്ചാല്‍ മതിയായിരുന്നെന്ന്. സ്ഥിരം കേട്ടുവരുന്നതാണിത്, അതുകൊണ്ട് ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുമായിരിക്കും,’ നിരഞ്ജ് മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlights: Athmiya about achanoru vazha vechu movie