| Monday, 7th October 2024, 10:12 am

ആ സിനിമ കഴിഞ്ഞതോടെ ഇനി മതി എന്ന് അമ്മ പറഞ്ഞു: ആത്മീയ രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയന്‍ നായകനായ മനംകൊത്തി പറവൈ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് ആത്മീയ രാജന്‍. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളില്‍ അവര്‍ ഭാഗമായിട്ടുണ്ട്. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ആത്മീയ ശ്രദ്ധിക്കപ്പെട്ടു.

സിനിമ പാരമ്പര്യങ്ങള്‍ ഒന്നുമില്ലാത്ത കുടുംബത്തില്‍ ജനിച്ച ആളാണ് താനെന്നും സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ആത്മീയ പറയുന്നു. അപ്രതീക്ഷിതമായാണ് സിനിമയില്‍ അരങ്ങേറിയതെന്നും എന്നാല്‍ ആ ചിത്രത്തോടെ തന്റെ അമ്മ അഭിനയം നിര്‍ത്താന്‍ പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മനസ്സില്‍ എന്നും സിനിമ ആയിരുന്നെന്നും ജോസഫ് ഹിറ്റായ ശേഷം നാട്ടില്‍ നിന്ന് തന്നെ അനുമോദനങ്ങളും അഭിനന്ദനങ്ങളും കിട്ടിത്തുടങ്ങിയതോടെ അമ്മ സപ്പോര്‍ട്ട് ആയെന്നും ആത്മീയ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കണ്ണൂര്‍ ജില്ലയില്‍ ഒരു സാധാരണ ഗ്രാമത്തില്‍ സിനിമ പാരമ്പര്യങ്ങളേതുമില്ലാത്ത കുടുംബത്തില്‍ ജനിച്ചൊരാളാണ് ഞാന്‍. സിനിമയിലെത്തണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടേക്കെത്താന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കാരണം സിനിമ പശ്ചാത്തലങ്ങളൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല

മനംകൊത്തി പറവൈ എന്ന തമിഴ് സിനിമയിലൂടെ അപ്രതീക്ഷിതമായി അരങ്ങേറാന്‍ സാധിച്ചു.അത് വലിയ വിജയമായി. അപ്പോഴും അമ്മ ഞാന്‍ സിനിമ കരിയറാക്കുന്നതിന് എതിരായിരുന്നു. അച്ഛനായിരുന്നു എന്നെ പിന്തുണച്ചത്. ആ സിനിമ കഴിഞ്ഞതോടെ ഇനി മതി എന്ന് അമ്മ പറഞ്ഞു. അതിനാല്‍ പഠിത്തത്തിന്റെ വഴിയെ പിന്നെ വീണ്ടും മുന്നോട്ട് പോയി.

അപ്പോഴും എന്റെ മനസ്സില്‍ സിനിമ തന്നെയായിരുന്നു. പിന്നീട് സിനിമ എന്നെ വീണ്ടും വിളിച്ചു. ജോസഫ് ഹിറ്റായ ശേഷം നാട്ടില്‍ നിന്ന് തന്നെ അനുമോദനങ്ങളും അഭിനന്ദനങ്ങളും കിട്ടിത്തുടങ്ങിയതോടെ അമ്മ ഇതൊരു നല്ല കരിയറാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ എല്ലാവരും കൂടെയുണ്ട്.

നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹന്‍ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം വഴിയാണ് ഐ.വി.ശശി സാര്‍ സംവിധാനം ചെയ്ത ‘വെള്ളത്തൂവല്‍’ എന്ന സിനിമയില്‍ എനിക്കൊരു വേഷം കിട്ടുന്നത്. അതിനുശേഷം ‘മനംകൊത്തി പറവൈ’ എന്ന തമിഴ് സിനിമ ചെയ്തു. ആ സിനിമ വലിയ ഹിറ്റായി മാറി. തമിഴില്‍ നിന്ന് എന്നെത്തേടി ഒരുപാട് ഓഫറുകള്‍ വന്നു. പിന്നീട് രഞ്ജന്‍ പ്രമോദ് സാര്‍ ഒരുക്കിയ റോസ് ഗിറ്റാറിനാല്‍ എന്ന സിനിമ കിട്ടി,’ ആത്മീയ രാജന്‍ പറയുന്നു.

Content highlight: Athmeeya Rajan Talks About Her Film Career

We use cookies to give you the best possible experience. Learn more