| Tuesday, 3rd August 2021, 12:30 pm

അത് ഖത്തറുകാരന്റെ മഹാമനസ്‌കതയല്ല; ആരുടെയെങ്കിലും നിര്‍ദേശം കേട്ട് മെഡല്‍ പങ്കുവെക്കാനുള്ള നിയമമില്ല; സ്വര്‍ണം പങ്കുവെച്ചതിനെക്കുറിച്ച് മുന്‍ അത്‌ലറ്റിക് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: ടോകിയോ ഒളിമ്പിക്‌സ് ഹൈ ജമ്പില്‍ ഇറ്റാലിയന്‍ താരവും ഖത്തര്‍ താരവും സ്വര്‍ണ മെഡല്‍ പങ്കുവെച്ചതിനെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അത്‌ലറ്റിക് പരിശീലകന്‍ ഡോ. മുഹമ്മദ് അഷ്‌റഫ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹം വിവരം പങ്കുവെച്ചത്.

ഖത്തറിന്റെ ഹൈ ജമ്പ് ലോകചാമ്പ്യന്‍ അമുഅതസ് ബര്‍ഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ കാരുണ്യവും മഹാമനസ്‌കതയും കാരണം ഇറ്റലിയുടെ ഗിയാന്‍ മാര്‍ക്കോ ടംബേരിക്കും സ്വര്‍ണം കിട്ടി എന്ന പ്രചരണം അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇറ്റലിക്കാരന് പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വര്‍ണ്ണ മെഡല്‍ പങ്കിട്ടു തരണമെന്നും ബര്‍ഷിം റഫറിയോടു അഭ്യര്‍ത്ഥിച്ചെന്നും അത് കേട്ട ഉടനെ അയാള്‍ അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്. എന്നാല്‍ അതൊരു പരമഅബദ്ധമാണ്,’ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.

ഇവിടെ ഓരോ ഉയരത്തിനും ഒരു ചാന്‍സേ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കില്‍ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ് നിയമം.

2.39 മീറ്ററില്‍ ഇരുവരും പരാജയപ്പെട്ടതോടെ രണ്ടു പേരും മെഡല്‍ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാര്‍ഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്‍ പങ്കുവെക്കല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അതിനെയാണ് ഖത്തറുകാരന്‍ ചാട്ടക്കാരന്റെ മഹാമനസ്‌കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വര്‍ണ്ണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത്! ആരുടെയെങ്കിലും നിര്‍ദ്ദേശം കേട്ട് മെഡല്‍ പങ്കുവെക്കാനുള്ള സലോമന്‍ നിയമം അത്‌ലറ്റിക്‌സില്‍ നിലവിലില്ല.

അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാല്‍ അയാള്‍ക്കുള്ള ഇടം വേറെ ആകും. അതൊക്കെ ചോദിക്കാനും നിയമങ്ങള്‍ നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്‌പോര്‍ട്‌സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട,’ മുഹമ്മദ് അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

ഹൈ ജമ്പ് ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ ഖത്തറിന്റെ അമുഅതസ് ബര്‍ഷിമ് സ്വര്‍ണമെഡല്‍ പരിക്ക് പറ്റിയ ഇറ്റാലിയന്‍ താരവുമായി പങ്കുവെച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഡോ. മുഹമ്മദ് അഷ്‌റഫ് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Former Calicut University athletics coach says rumors circulating about Italian and Qatari athlete sharing gold medal in Olympic high jump are false

We use cookies to give you the best possible experience. Learn more