കോഴിക്കോട്: ടോകിയോ ഒളിമ്പിക്‌സ് ഹൈ ജമ്പില്‍ ഇറ്റാലിയന്‍ താരവും ഖത്തര്‍ താരവും സ്വര്‍ണ മെഡല്‍ പങ്കുവെച്ചതിനെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അത്‌ലറ്റിക് പരിശീലകന്‍ ഡോ. മുഹമ്മദ് അഷ്‌റഫ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹം വിവരം പങ്കുവെച്ചത്.
ഖത്തറിന്റെ ഹൈ ജമ്പ് ലോകചാമ്പ്യന്‍ അമുഅതസ് ബര്‍ഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ കാരുണ്യവും മഹാമനസ്‌കതയും കാരണം ഇറ്റലിയുടെ ഗിയാന്‍ മാര്‍ക്കോ ടംബേരിക്കും സ്വര്‍ണം കിട്ടി എന്ന പ്രചരണം അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇറ്റലിക്കാരന് പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വര്‍ണ്ണ മെഡല്‍ പങ്കിട്ടു തരണമെന്നും ബര്‍ഷിം റഫറിയോടു അഭ്യര്‍ത്ഥിച്ചെന്നും അത് കേട്ട ഉടനെ അയാള്‍ അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്. എന്നാല്‍ അതൊരു പരമഅബദ്ധമാണ്,’ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.
ഇവിടെ ഓരോ ഉയരത്തിനും ഒരു ചാന്‍സേ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കില്‍ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ് നിയമം.
2.39 മീറ്ററില്‍ ഇരുവരും പരാജയപ്പെട്ടതോടെ രണ്ടു പേരും മെഡല്‍ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാര്‍ഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്‍ പങ്കുവെക്കല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അതിനെയാണ് ഖത്തറുകാരന്‍ ചാട്ടക്കാരന്റെ മഹാമനസ്‌കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വര്‍ണ്ണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത്! ആരുടെയെങ്കിലും നിര്‍ദ്ദേശം കേട്ട് മെഡല്‍ പങ്കുവെക്കാനുള്ള സലോമന്‍ നിയമം അത്‌ലറ്റിക്‌സില്‍ നിലവിലില്ല.