[share]
[] മലപ്പുറം: ഐ.പി.എല്‍ മാതൃകയില്‍ അത്‌ലറ്റിക്‌സ് ലീഗ് നടത്താന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എ.എഫ്.ഐ) തീരുമാനം.
ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ലീഗ് എന്ന പേരില്‍ രണ്ടാഴ്ച നീളുന്ന ചാംപ്യന്‍ഷിപ്പ് നടത്താനാണ് തീരുമാനം. ഓരോ ടീമിലും പ്രമുഖ വിദേശ അത്‌ലറ്റുകളെ ഐക്കണ്‍ താരങ്ങളാക്കി നിര്‍ത്തിയായിരിക്കും അത്‌ലറ്റിക് ലീഗ് നടത്തുക.
കൊച്ചി, ചെന്നൈ, ദല്‍ഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലീഗിന് ടീമുകളുണ്ടാവും. ലേലത്തിലൂടെ ഓരോ ടീമിനും ഇന്ത്യന്‍ താരങ്ങളെ സ്വന്തമാക്കാം.
വിവിധ സ്ഥലങ്ങളിലായി രണ്ടാഴ്ചക്കാലം മത്സരങ്ങള്‍ നടക്കും.
സ്‌പോണ്‍സര്‍മാരെയും ടീമിലേക്കുള്ള കളിക്കാരെയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് എ.എഫ്.ഐ.
എന്നാല്‍ ഇത്തരമൊരു വലിയ പരിപാടിയുടെ സാധ്യതകള്‍ താരങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയെന്നത് പ്രയാസമാണെന്ന അഭിപ്രായവും ഫെഡറേഷനുണ്ട്.
ഈ വര്‍ഷം എ.എഫ്.ഐ നടത്തുന്ന മീറ്റുകളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് അത്‌ലറ്റിക് ലീഗ് തുടങ്ങാന്‍ ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചത്.
സാധ്യതാ പഠനം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം തന്നെ അത്‌ലറ്റിക് ലീഗ് നടക്കുമോ എന്ന കാര്യം അറിയാന്‍ കഴിഞ്ഞിട്ടില്ല.