ഇന്ത്യന്‍ കായികലോകത്തില്‍ കേരളത്തിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന സുപ്രധാന കടമ്പ കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ, സംസ്ഥാന സ്‌കൂള്‍ കായികമേള. ആന്‍സി സോജനും സൂര്യജിത്തും റിജോയിയും അടക്കമുള്ള പ്രതിഭകള്‍ പ്രതീക്ഷയുടെ നാമ്പിട്ടാണ് കണ്ണൂരിന്റെ മണ്ണ് വിട്ടുപോയത്. എന്നാല്‍ അവരുയര്‍ത്തിയ വെന്നിക്കൊടികള്‍ക്കു പിന്നില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന കഷ്ടപ്പാടിന്റെ കഥകളുണ്ട്. ക്രിക്കറ്റിനെ മാത്രം ഗ്ലോറിഫൈ ചെയ്യുന്ന ഇന്ത്യന്‍ കായികലോകത്ത് ഒരു അത്‌ലറ്റിനെ വാര്‍ത്തെടുക്കണമെങ്കില്‍ ചില്ലറ അധ്വാനമൊന്നും പോര എന്നതാണു യാഥാര്‍ഥ്യം. കായികാധ്വാനമല്ല ഉദ്ദേശിക്കുന്നത്, സാമ്പത്തികാധ്വാനമാണ്. അതിന്റെ സ്ഥിതിവിവരക്കണക്കുകളിലേക്കു പോയാല്‍ നല്ലൊരു ഞെട്ടലുണ്ടായാല്‍പ്പോലും അത്ഭുതമില്ല.
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സീനിയര്‍ വിഭാഗത്തില്‍ മെഡല്‍ നേടാനായി സ്‌കൂളുകളും അക്കാദമികളും അഞ്ചുവര്‍ഷമാണ് ഒരു കുട്ടിക്കു വേണ്ടി മാത്രം മാറ്റിവെയ്ക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ല. 10 ലക്ഷം രൂപയോളമാണ് ഇതിനായി അവര്‍ക്കു വേണ്ടിവരുന്നത്. നവംബര്‍ 16-നു കായികമേള തുടങ്ങുന്നതിനു മുന്‍പ് സ്‌കൂളുകളും അക്കാദമികളും ഓടിയ ഓട്ടം ചെറുതല്ല.
ഉഷയ്ക്കു പോലും പിടിച്ചുനില്‍ക്കാനാവാതെ
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. പേരു കേള്‍ക്കുമ്പോള്‍ത്തന്നെ വ്യക്തമാണ്. നിമിഷാര്‍ധം കൊണ്ട് ലഭിക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായ, കേരളത്തിന്റെ പയ്യോളി എക്‌സ്പ്രസ്സ് പി.ടി ഉഷയുടെ നേതൃത്വത്തില്‍ നടക്കുന്ന കായികസ്ഥാപനം. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ഏറെയാണ്. ടിന്റു ലൂക്ക മുതല്‍ ജിസ്‌ന മാത്യു വരെയുള്ളവര്‍ സ്പ്രിന്റിലൂടെയും മധ്യദൂരത്തിലൂടെയും മികവു തെളിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് കോഴിക്കോട് കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ട്രാക്ക് കണ്ടെത്തിയത്. ബാക്കി സൗകര്യങ്ങള്‍ സ്‌പോണ്‍സര്‍മാരിലൂടെ ഒരുക്കി. ഇപ്പോഴും സഹായം ലഭിക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കഴിഞ്ഞവര്‍ഷം മാത്രം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് 20 കുട്ടികളെ വിവിധ മത്സരങ്ങള്‍ക്കായി ഒരുക്കാന്‍ വേണ്ടിവന്നത് 83 ലക്ഷം രൂപയാണ്. അത്‌ലറ്റുകളുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍, സ്റ്റാഫിന്റെ ശമ്പളം, പരിക്കേറ്റാല്‍ ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ ഇതിനെല്ലാം കൂടി ചെലവായതാണ് ഈ തുക. പ്രതിവര്‍ഷം നടക്കുന്ന ദേശീയ മീറ്റുകള്‍ക്കായി ഓരോ താരത്തിനും യാത്രയ്ക്കും താമസത്തിനും മാത്രമായി സ്‌കൂളിനു ചെലവാകുന്നത് അമ്പതിനായിരം രൂപയോളമാണ്. ഈമാസം (നവംബര്‍) ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത സ്‌കൂളിലെ മൂന്നു താരങ്ങളെ വിമാനത്തിലാണു തിരിച്ചെത്തിച്ചത്. കായികതാരങ്ങളെ ആരോഗ്യസ്ഥിതി മോശമാകാതിരിക്കാനാണു ദിവസങ്ങള്‍ നീണ്ട ട്രെയിന്‍യാത്ര ഒഴിവാക്കുന്നത്.
പി.ടി ഉഷ
ഒരു കായികതാരത്തില്‍ നിന്ന് സ്‌കൂള്‍ വാങ്ങുന്ന ആകെ തുകയെന്നു പറയുന്നത്, രാജ്യാന്തര മെഡല്‍ നേടുമ്പോഴുള്ള സമ്മാനത്തുകയുടെ 25 ശതമാനം മാത്രമാണ്. മറ്റു രീതിയില്‍ അവരില്‍ നിന്നു പണം വാങ്ങാറില്ല. കേന്ദ്രസര്‍ക്കാരിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയില്‍ നിന്നു നാമമാത്രമായ ഒരു തുകയാണ് സ്‌കൂളുകള്‍ക്കും അക്കാദമികള്‍ക്കും ലഭിക്കുക. ഉഷയെ സംബന്ധിച്ചിടത്തോളം കായികമേഖലയിലുള്ള പരിചയങ്ങള്‍ വെച്ചുകൊണ്ട് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഏറെയൊന്നും കഷ്ടപ്പെടേണ്ടി വരില്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ കുറച്ചൊക്കെ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇതുപോലും തികയുന്നില്ലെന്ന യാഥാര്‍ഥ്യമാണ് അവര്‍ക്കു പറയാനുള്ളത്.
എന്നാണോ ഈ കണക്കുകള്‍ കൂട്ടിനോക്കേണ്ടി വരിക, അന്ന് അക്കാദമി നിര്‍ത്തേണ്ടിവരുമെന്നാണ് പാലക്കാട് കല്ലടി സ്‌കൂളിന്റെ മാനേജര്‍ കെ.സി.കെ സെയ്ദാലി പറയുന്നത്. തന്റെ അക്കാദമിയിലുള്ള കുട്ടികള്‍ക്കു മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണു ചെയ്യുന്നതെന്നും അതിന് എത്ര പണം വേണ്ടിവന്നാലും കണ്ടെത്തുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതുപോലുള്ള വ്യക്തികള്‍ക്കു കായികമേഖലയോടുള്ള പ്രതിബദ്ധതയും താത്പര്യവും കാരണമാണ് ഇപ്പോഴും കേരളം അത്‌ലറ്റിക്‌സില്‍ രാജ്യത്ത് തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നത്.
അല്ലെങ്കില്‍ എപ്പോഴേ നാട്ടിന്‍പുറങ്ങളിലെ അക്കാദമികള്‍ അടച്ചുപൂട്ടേണ്ടതാണ്. പല അക്കാദമികളും നീങ്ങുന്നത് ആ വഴിക്കു തന്നെയാണ്. ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ കണ്ടെത്തി ട്രാക്കിലേക്കിറക്കാന്‍ പ്രാപ്തമാക്കുന്ന ഈ അക്കാദമികള്‍ നിലച്ചാല്‍ ഒരുപക്ഷേ കേരളത്തിന്റെ കായികമേഖല തന്നെ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒരു കായികതാരത്തിനു വേണ്ടി പ്രതിവര്‍ഷം ചെലവാകുന്ന ശരാശരി തുക താഴെക്കൊടുക്കുന്നു. (ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ ചെലവ് പ്രകാരമുള്ള കണക്ക്)
ഭക്ഷണം: 66,000-90,000
ഉപകരണങ്ങള്‍: 20,000-25,000
വൈദ്യസഹായം; 10,000-15,000
പഠനം: 20,000-25,000
സ്റ്റാഫ്: 40,000-50,000
യാത്ര, താമസം: 10,000-15,000
ഗ്രൗണ്ട് പരിചരണം: 25,000-30,000
ആകെ= 1.91 ലക്ഷം-2.5 ലക്ഷം
ഒരു അത്‌ലറ്റിന് പ്രായം അനുസരിച്ച് പ്രതിവര്‍ഷം ചെലവാകുന്ന തുകയുടെ കണക്ക് ഇങ്ങനെയാണ്:
12 വയസ്സ്: ഒരുലക്ഷം
13 വയസ്സ്: 1.5 ലക്ഷം
14 വയസ്സ്: 2.5 ലക്ഷം
15 വയസ്സ്: 2.5 ലക്ഷം
16 വയസ്സ്: 2.5 ലക്ഷം
ഈ കണക്കുകളുടെ മറ്റൊരു സത്യാവസ്ഥ എന്തെന്നാല്‍, 12-ാം വയസ്സില്‍ അക്കാദമിയിലെത്തുന്ന ഒരു കുട്ടിയെ മെഡല്‍ നേടുന്ന ഘട്ടം വരെ വാര്‍ത്തെടുക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം മതിയാവില്ല എന്നതാണ്.
വേഗറാണിയെ കണ്ടെത്തിയ പെട്ടി ഓട്ടോ ഡ്രൈവര്‍ക്കു സംഭവിച്ചത്
തൃശ്ശൂര്‍ നാട്ടികയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ആന്‍സി സോജന്റെ പേര് കഴിഞ്ഞ ദിവസമെങ്കിലും കേരളത്തിനു പരിചയമായിക്കാണും. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ വനിതാ താരം. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 12.05 സെക്കന്‍ഡില്‍ ആന്‍സി ഓടിയെത്തിയപ്പോള്‍ തകര്‍ന്നത് ഒളിമ്പ്യന്‍ ജിസ്‌ന മാത്യുവിന്റെ റെക്കോഡാണ്. തന്റെ ബെസ്റ്റ് ഇവന്റായ ലോങ്ജമ്പിലും ആന്‍സി സ്വര്‍ണം നേടിയിട്ടുണ്ട്. 34 മെഡലുകളാണ് ദേശീയതലത്തില്‍ മാത്രം ആന്‍സി നേടിയത്.
ആന്‍സി സോജന്‍
ആന്‍സിയുടെ വിജയത്തിനു പിന്നിലൊരു കഥയുണ്ട്. ആന്‍സിയിലെ അത്‌ലറ്റിനെ ആദ്യം കണ്ടെത്തുന്നത് നാട്ടിക സ്വദേശിയായ കണ്ണന്‍ എന്ന വി.വി സനോജാണ്, ഒരു പെട്ടി ഓട്ടോ ഡ്രൈവര്‍. എന്നാല്‍ തനിക്കു കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് 2014-ല്‍ കണ്ണന്‍ ഒരു സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങി. അത്‌ലറ്റിക്‌സിനോടുള്ള ഇഷ്ടം കൊണ്ടാണ് 28 അത്‌ലറ്റുകളെയും കൂട്ടിക്കൊണ്ട് കണ്ണന്‍ അക്കാദമിക്കു തുടക്കമിട്ടത്.
രാവിലെയും വൈകിട്ടും അത്‌ലറ്റുകള്‍ക്ക് ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടിലെ 200 മീറ്റര്‍ ട്രാക്കില്‍ കണ്ണന്‍ പരിശീലനം നല്‍കിയിരുന്നു. അതിനിടെ പഞ്ചായത്തില്‍ നിന്നുള്ള ഫണ്ട് ലഭിച്ചത് അക്കാദമിക്കു വലിയ സഹായമായി.
എന്നാല്‍ കാര്യങ്ങള്‍ ഇപ്പോളത്ര സുഖകരമായല്ല മുന്നോട്ടുപോകുന്നത്. 11 അത്‌ലറ്റുകളാണ് കണ്ണന്റെ അക്കാദമിയില്‍ ഇപ്പോഴുള്ളത്. കായികമേളകളില്‍ താരങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണു കാര്യങ്ങളെത്തുന്നത്. ഇടയ്ക്കു സഹായഹസ്തം നീട്ടിയിരുന്നവരെ എപ്പോഴും ആശ്രയിക്കാനും ശല്യപ്പെടുത്താനുമാവില്ലെന്ന നിലപാടിലാണ് കണ്ണന്‍. ഇനി പിടിച്ചുനില്‍ക്കാന്‍ വയ്യെന്നും ഓട്ടോ ഓടിക്കാന്‍ സമയം കിട്ടാത്തതുകൊണ്ടു ജീവിതം വഴിമുട്ടിയെന്നും കണ്ണന്‍ പറയുന്നു. ഈവര്‍ഷം കൂടി നോക്കിയിട്ടും ശരിയായില്ലെങ്കില്‍ അക്കാദമി അടച്ചുപൂട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. അതു സംഭവിച്ചാല്‍, ഒട്ടനവധി കായികതാരങ്ങള്‍ ജന്മം കൊള്ളേണ്ടുന്ന ഒരു അക്കാദമിക്കു കൂടിയാണു താഴിടേണ്ടിവരിക.
മേഴ്‌സിക്കുട്ടന്റെ ദൃഢനിശ്ചയത്തിനും മീതേ പറക്കുന്ന പണം
ഇതേ അവസ്ഥ സംജാതമായിരിക്കുന്നത് കേരളത്തിന്റെ എക്കാലത്തെയും മികച്ച അത്‌ലറ്റും അര്‍ജുന അവാര്‍ഡ് ജേതാവും ഇപ്പോഴത്തെ കേരളാ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റും കൂടിയായ മേഴ്‌സിക്കുട്ടനാണ്. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ 47 പോയിന്റ് നേടിയ മേഴ്‌സിക്കുട്ടന്‍ അക്കാദമി ആരംഭിച്ചത് 2010-ലാണ്. എന്നാല്‍ ഇന്നതു സാമ്പത്തിക പരാധീനതകള്‍ മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്.
മേഴ്‌സിക്കുട്ടന്‍
അക്കാദമി തുടങ്ങുന്ന കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഏറെത്തവണ കയറിയിറങ്ങിയാണ് മേഴ്‌സിക്കുട്ടനു ഭൂമി അനുവദിച്ചു കിട്ടിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം വീണ്ടും സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വന്നു. ഒടുവില്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് അനുവദിച്ചുകിട്ടി. പദ്ധതിയുടെ വിശദമായ രൂപരേഖ സമര്‍പ്പിച്ചപ്പോഴായിരുന്നു ഗ്രാന്റ് കിട്ടിയത്. എന്നാല്‍ ഇടയ്ക്കു വെച്ച് വീണ്ടും പഴയ പ്രശ്‌നം തന്നെ നേരിട്ടു. എന്നാല്‍ അന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ കൈത്താങ്ങായത് സര്‍ക്കാര്‍ ഫണ്ടാണ്.
കൊച്ചി പോലൊരു സ്ഥലത്ത് പന്ത്രണ്ടോളം പെണ്‍കുട്ടികളെ മെഡല്‍ നേട്ടത്തിലെത്തിക്കാന്‍ വേണ്ടി മേഴ്‌സിക്കുട്ടന് ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സമ്മാനത്തുകയില്‍ നിന്ന് ഒരുപൈസ പോലും താന്‍ വാങ്ങുന്നില്ലെന്ന് മേഴ്‌സിക്കുട്ടന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. അതേസമയം അക്കാദമിയിലുള്ള താരങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണവും താമസവും അടക്കമുള്ള കാര്യങ്ങള്‍ സൗജന്യവുമാണ്. ഇപ്പോള്‍ ക്രെഡായിയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. ‘ഞങ്ങള്‍ പത്താം വര്‍ഷത്തിലേക്കു കടക്കുകയാണ്. എനിക്കു സൗഭാഗ്യങ്ങള്‍ ഒരുക്കിത്തന്ന ട്രാക്കിനെയും ഫീല്‍ഡിനെയും കൈവിടാന്‍ കഴിയില്ലല്ലോ. സര്‍ക്കാരിനെ വീണ്ടും സമീപിക്കാനാണു തീരുമാനം.’- മേഴ്‌സിക്കുട്ടന്‍ പറയുന്നു.
ഈ പ്രതിസന്ധി നേരിടുന്ന മറ്റു ചിലരെക്കൂടി പരിചയപ്പെടാം.
* എം.വി അജയന്‍: ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ ഇന്ത്യക്കു വേണ്ടി മിന്നല്‍ പ്രകടനം നടത്തിയ ഹര്‍ഡില്‍സ് താരം എം.പി ജാബിറിനെപ്പോലുള്ളവരെ വളരെ ചെറുപ്പത്തില്‍ത്തന്നെ കണ്ടെത്തി, വളര്‍ത്തിയെടുത്തത് അജയനാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം മലപ്പുറം തവനൂര്‍ സ്വദേശിയായ ഈ മനുഷ്യന് അക്കാദമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുന്നില്ല.
* പീറ്റര്‍: കോഴിക്കോട് ചക്കിട്ടപ്പാറയിലെ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെ ബാങ്ക് ജീവനക്കാരനായ പീറ്റര്‍ വളര്‍ത്തിയെടുത്ത താരങ്ങളില്‍ പ്രമുഖനായ വ്യക്തിയാണ് ജിന്‍സണ്‍ ജോണ്‍സണ്‍. 800, 1500 മീറ്ററുകളിലെ മിന്നും താരമായ ഈ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനെ വളര്‍ത്തിയെടുത്ത അക്കാദമി പീറ്റര്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ഏറെ കഷ്ടപ്പെട്ടാണ്.
അഞ്ജു ബോബി ജോര്‍ജ്
* ബി. അന്‍സര്‍: കായികാധ്യാപകനായ അന്‍സര്‍ വളര്‍ത്തിയെടുത്ത താരമാണ് 400 മീറ്ററിലെ ദേശീയ റെക്കോഡുകാരന്‍ വൈ. മുഹമ്മദ് അനസ്. കൊല്ലം നിലമേലിലെ സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയായിരുന്നു ഇത്. എന്നാല്‍ ഇന്നു സ്വന്തം ജോലിയുള്ളതിനാല്‍ മാത്രം അക്കാദമി തട്ടിമുട്ടി കൊണ്ടുപോകാന്‍ മാത്രമേ അന്‍സറിനു കഴിയുന്നുള്ളൂ.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ അക്കാദമികളില്‍ മാത്രം ഒതുങ്ങുനില്‍ക്കുന്നതു ശരിയല്ല. സ്‌കൂളുകളെക്കുറിച്ചു കൂടി സംസാരിക്കണം.
ട്രാക്കിലെ പുലികള്‍ക്ക് എന്തുപറ്റി?
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 10 തവണ ജേതാക്കളായവരാണു കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വരവായിരുന്നു കായികമേളയിലേക്കുള്ള സെന്റ് ജോര്‍ജ് സ്‌കൂളിന്റേത്. എന്നാല്‍ ഇത്തവണ ഒരൊറ്റ കുട്ടി പോലും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇവിടെനിന്നു പങ്കെടുത്തില്ല. എന്താണ് അവര്‍ക്കു പറ്റിയത്?
ഈ ചോദ്യം തുടങ്ങുന്നതും അവസാനിക്കുന്നതും സാമ്പത്തിക പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4×400 മീറ്റര്‍ വനിതാ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ വി.കെ വിസ്മയ വരെ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ പ്രൗഢി എടുത്തുകാണിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പങ്കെടുത്ത മീറ്റില്‍ത്തന്നെ സ്വര്‍ണം നേടാന്‍ വിസ്മയക്കായെങ്കില്‍ അതിനു കാരണം രാജു പോള്‍ എന്ന അധ്യാപകനും സെന്റ് ജോര്‍ജ് എന്ന സ്‌കൂള്‍ നല്‍കിയ മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ്.
കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
സെന്റ് ജോര്‍ജ് സ്‌കൂള്‍ എല്ലാക്കാലത്തും ട്രാക്കില്‍ കൊടുങ്കാറ്റായി മാറിയവരാണ്. 10 തവണ സെന്റ് ജോര്‍ജ് സ്‌കൂള്‍ സംസ്ഥാന ജേതാക്കളാക്കി. ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ ഒമ്പതുതവണ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. അനില്‍ഡ തോമസും സിനി ജോസും അടക്കമുള്ള ഒട്ടേറെ താരങ്ങള്‍ ദേശീയതലത്തിലെത്തി. ഇതിനിടെ രാജു പോളെന്ന കായികാധ്യാപകന്‍ ഈ വര്‍ഷം വിരമിച്ചു. പരിശീലകന്‍ പോയതോടെ ഒരുവശത്ത് പണ്ടേ സാമ്പത്തികമായി തളര്‍ന്നിരുന്ന സ്‌കൂളിന് പൂര്‍ണ തകര്‍ച്ചയിലെത്താന്‍ അധികസമയം വേണ്ടിവന്നില്ല.
മുന്‍പൊക്കെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയിരുന്നത് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയും കായികപ്രേമികള്‍ നല്‍കുന്ന സംഭാവനകളും കൊണ്ടാണ്. ഒരുവര്‍ഷം 20-25 ലക്ഷം രൂപ വരെ ചെലവാണ് കായികതാരങ്ങളെ ട്രാക്കിലെത്തിക്കാന്‍ സ്‌കൂളിനു വേണ്ടിവന്നിരുന്നത്. അതു ചിലപ്പോളൊക്കെ 35 ലക്ഷം വരെയായിട്ടുമുണ്ട്. താമസ സൗകര്യവും ഭക്ഷണവും പരിശീലനവും പഠനവുമൊക്കെയായി ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഇതോടെ മേല്‍പ്പറഞ്ഞ സഹായങ്ങള്‍ കൊണ്ടു പിടിച്ചുനില്‍ക്കാനാകാതെ വന്നു. അതോടെ ട്രാക്കിലും അടിപതറി.
മലപ്പുറത്തെ തിരൂരിലുള്ള നവാമുകുന്ദ അക്കാദമിയാണു മറ്റൊന്ന്. കായികതാത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി തിരുനാവായയിലെ നവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ കെ. ഗിരീഷിന്റെ നേതൃത്വത്തിലാണ് 2006-ല്‍ അക്കാദമി തുടങ്ങുന്നത്.
മികച്ച പരിശീലനം നല്‍കി കുട്ടികളെ തയ്യാറാക്കിയ ഗിരീഷ് അക്കാദമിയിലേക്ക് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ നിന്നും സംസ്ഥാന മേളകളില്‍ നിന്നും മെഡലുകള്‍ കൊണ്ടുവന്നു. ത്രോയിനങ്ങളിലെ താരങ്ങളായ സി.കെ പ്രജിതയും പി. ദീപക്കും സ്പ്രിന്റര്‍ പി.പി ഫാത്തിമയും നവാമുകുന്ദ വളര്‍ത്തിയെടുത്ത് ട്രാക്കിലെത്തിച്ചവരാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ സഹായധനമായി ആകെ ലഭിച്ചത് മലപ്പുറം ജില്ലാ പഞ്ചായത്ത് ഇടക്കാലത്തു നല്‍കിയ 10 ലക്ഷം രൂപയാണ്. തിരുനാവായ പഞ്ചായത്ത് ഇടക്കിടെ സഹായിക്കുന്നുണ്ടായിരുന്നെങ്കി
ഇതാണു കേരളത്തിലെ അത്‌ലറ്റിക് അക്കാദമികളും കായിക കളരികളും നേരിടുന്ന പ്രതിസന്ധി. കാര്യങ്ങള്‍ക്കു തെല്ലും വ്യത്യാസമുണ്ടായില്ലെങ്കില്‍ കായിക മേഖലയില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന അത്‌ലറ്റിക്‌സില്‍ ഫിനിഷിങ് പോയിന്റ് കടന്നു പുഞ്ചിരിച്ചു കൊണ്ടോടിവരുന്ന നമ്മുടെ കുട്ടികള്‍ ഓര്‍ക്കാന്‍ സുഖമുള്ള ഭൂതകാലം മാത്രമായി മാറും.