| Sunday, 25th August 2024, 7:32 pm

അവനെ ലക്ഷ്യം വെച്ചിട്ട് കാര്യമില്ല, എന്നിട്ടും ബാഴ്‌സലോണ മര്യാദകേട് കാണിച്ചു; തുറന്ന് സംസാരിച്ച് അത്‌ലറ്റിക്ക് ബില്‍ബാവോ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ലാലിഗ മത്സരത്തില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണ തോല്‍പ്പിച്ചിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ ബാഴ്സയ്ക്ക് വേണ്ടി ലാമിന്‍ യമാല്‍, റോബര്‍ട്ട് ലെവന്റോസ്‌ക്കി എന്നിവരാണ് ടീമിനായി ഗോളുകള്‍ നേടിയത്.

അടുത്തിടെ അത്‌ലറ്റിക്കോ താരമായ നിക്കോ വില്ല്യംസിനെ ബാഴ്‌സലോണയിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നു. എന്നാല്‍ വില്ല്യംസ് ക്ലബില്‍ തന്നെ കരാര്‍ പുതുക്കി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കാര്യത്തില്‍ സംസാരിച്ച് ബാഴ്സയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അത്‌ലറ്റിക്കോ ക്ലബ് പ്രസിഡന്റ് ജോണ്‍ ഉറിയാര്‍ത്തെ.

‘ഞങ്ങള്‍ ശാന്തരാണ്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റുകളില്‍ ഞങ്ങളുടെ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. നിക്കോയുടെ കേസ് വലിയ ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു എന്നതും സാധാരണമാണ്. പക്ഷേ ഞങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഉണ്ട്.

പലപ്പോഴും അവര്‍ ബഹുമാനമില്ലാതെയാണ് പെരുമാറിയിട്ടുള്ളത്. നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ചിന്തിച്ചു. എന്തൊക്കെ സംഭവിച്ചാലും എപ്പോഴും റെസ്‌പെക്ട് ആവശ്യമാണ്. ബാഴ്‌സയുടെ കോച്ച് ഫ്‌ളിക്ക് ഇത് നല്ല രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

തങ്ങളുടെ ക്ലബ്ബിനകത്ത് ഇല്ലാത്ത താരത്തെപ്പറ്റി സംസാരിക്കാന്‍ താല്പര്യമില്ല എന്ന് അദ്ദേഹം പറഞ്ഞത് എനിക്കിഷ്ടമായി,’ ജോണ്‍ ഉറിയാര്‍ത്തെ പറഞ്ഞു.

Content Highlight: Athletic Bilbao President Talking About Barcelona

We use cookies to give you the best possible experience. Learn more