| Tuesday, 21st October 2014, 2:55 pm

കാമുകിയെ കൊന്ന കേസില്‍ പിസ്റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്റര്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്. ആയുധം കൈവശം വെച്ചതിന് പിസ്റ്റോറിയസിന് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. പ്രിട്ടോറിയയിലെ ഹൈക്കോടതി ജഡ്ജി തോകോസിലെ മാസിപയാണ് വിധി പ്രഖ്യാപിച്ചത്.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ലഭിക്കുന്ന കുറഞ്ഞ ശിക്ഷയാണ് പിസ്‌റ്റോറിയസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച പിസ്റ്റോറിയസിന് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള അന്തിമവിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ വീട്ടുതടങ്കല്‍ വിധിച്ചാല്‍ മതിയെന്ന് പിസ്റ്റോറിയസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. മൂന്ന് വര്‍ഷം വീട്ടുതടങ്കലും 16 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനവും മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പിസ്റ്റോറിയസിന് 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി കസ്റ്റഡിയിലല്ലാത്ത തടവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തി. അതേസമയം കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കുന്നത് നീതിനിഷേധമാവുമെന്നും നിരീക്ഷിച്ചു.

2013 ലെ പ്രണയ ദിനത്തിലാണ് പിസ്‌റ്റോറിയസിന്റെ വെടിയേറ്റ് കാമുകിയും മോഡലുമായ റീവാ സ്റ്റീന്‍കാമ്പ് മരിച്ചത്. കാമുകിക്ക് നേരെ നിറയൊഴിച്ചതായി സമ്മതിച്ചെങ്കിലും അത് മോഷണത്തിനായി അതിക്രമിച്ചുകയറിയ ആളാണെന്ന് തെറ്റിദ്ധരിച്ചാണെന്നായിരുന്നു പിസ്‌റ്റോറിയസ്സിന്റെ നിലപാട്.

പിസ്‌റ്റോറിയസ് ആസൂത്രിത കൊല നടത്തിയിട്ടില്ലെന്ന് പ്രിട്ടോറിയ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ആസൂത്രിത കൊല നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കേസില്‍ 37 ലധികം സാക്ഷികളെ ആറു മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പിസ്‌റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more