| Thursday, 12th October 2017, 8:31 am

ആതിരമാരുടെ മതംമാറ്റം ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് എന്‍.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാസര്‍കോട്ടെ ആതിരയുടെയും പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരാ നമ്പ്യാരുടെയും മതംമാറ്റത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമുണ്ടായിട്ടില്ലെന്ന് എന്‍.ഐ.ഐ. ഹാദിയ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രണ്ട് പേരെയും ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍.ഐ.എ പറഞ്ഞു.


Also Read: മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന; മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാന്‍ ശ്രമമെന്നും കേന്ദ്രമന്ത്രി


കഴിഞ്ഞയാഴ്ച കൊച്ചിയില്‍വെച്ചായിരുന്നു എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ രണ്ട് പേരെയും ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികള്‍ പരിശോധിച്ച് വരികയാണെന്നും എന്‍.ഐ.എ പറഞ്ഞു. ഇതിനു പുറമേ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന 90 മിശ്രവിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

ഹിന്ദു പെണ്‍കുട്ടികളുടെ മതംമാറ്റത്തിനു പിന്നില്‍ ലൗ ജിഹാദാണെന്ന സംഘപരിവാര്‍ വാദം തെറ്റാണെന്നു തെളിയിക്കുന്നതാണ് ആതിരാ കേസുകളില്‍ ദേശിയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ മിശ്രവിവാഹങ്ങളില്‍ ഹിന്ദു യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ച സംഭവങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടുണ്ടോയെന്നും വിവാഹശേഷം തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായോയെന്നും അന്വേഷിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി.


Dont Miss: സംസാരിക്കുന്നയാളെയല്ല പണിയെടുക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യത്തിനാവശ്യം: മായാവതി


കേരളാ പൊലീസ് കൈമാറിയ 90 മിശ്രവിവാഹങ്ങളുടെ പട്ടികയില്‍ 23 യുവതികളെ വിവാഹം ചെയ്തതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട് 60 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതായും എന്‍.ഐ.എ അറിയിച്ചു.

We use cookies to give you the best possible experience. Learn more