അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. സി.പി.ഐ.എം, സി.പി.ഐ നേതാക്കള്‍ വ്യത്യസ്ത നിലപാടുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് മുന്നണിയില്‍ തര്‍ക്കം ഉടലെടുത്തത്.
സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് അതിരപ്പിള്ളി, ചീമേനി പദ്ധതികള്‍ ആവശ്യമാണെന്ന അഭിപ്രായത്തോടെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് രണ്ടു തവണ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്നും കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും ചീമേനി താപവൈദ്യുത പദ്ധതിയും സംസ്ഥാനത്തിനു അത്യാവശ്യമാണെന്നും എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നുമായിരുന്നു വൈദ്യുതി മന്ത്രി പറഞ്ഞത്.
വൈദ്യുതി മന്ത്രിയുടെ ഈ നിലപാടിനെതിരെ മന്ത്രി വി.എസ് സുനില്‍കുമാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശക്തമായി രംഗത്തെത്തുകയായിരുന്നു. അതിരപ്പിള്ളിയ്‌ക്കെതിരെ സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ് സുനില്‍കുമാര്‍ തുറന്നടിച്ചു.
ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറയാത്ത കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായവുമായി സുനില്‍കുമാറിനു പിന്തുണ അറിയിച്ചുകൊണ്ട് കാനവും രംഗത്തെത്തി.
വിശദമായ ചര്‍ച്ചകളില്ലാതെ വിവാദ പദ്ധതികളില്‍ നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കരുതെന്നാണ് സി.പി.ഐ നിലപാട്. പരിസ്ഥിതി സംഘടനകളും വൈദ്യുതിമന്ത്രിക്കെതിരെ നിലപാടെടുത്തു.
ഇതോടെ അതിരപ്പിള്ളിയെ പിന്തുണച്ചും സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതാണെന്നും തല്‍പ്പരകക്ഷികളാണ് പിന്നീട് നിയമനടപടിരംഗത്തെത്തിയതെന്നുമുള്ള പിണറായിയുടെ പ്രതികരണം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം എന്നു വ്യക്തമാക്കുന്നതായിരുന്നു.
വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിമാര്‍ക്ക് സംസാരിക്കേണ്ടിവരുമെന്നും അത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും പറഞ്ഞ് പിണറായി പരോക്ഷമായി കാനത്തിന്റെ കുറ്റപ്പെടുത്തലിനു മറുപടി നല്‍കുകയും ചെയ്തു.
എന്നാല്‍ വിഷയത്തില്‍ സി.പി.ഐ.എമ്മിനുള്ളില്‍ തന്നെയുള്ള അഭിപ്രായ ഭിന്നത വ്യക്തമാക്കി വി.എസ് അച്യുതാനന്ദന്‍ രംഗത്തുവന്നു. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന് വി.എസ് തുറന്നടിച്ചു.
ജനവിരുദ്ധമായതൊന്നും ഇടതു സര്‍ക്കാര്‍ ചെയ്യില്ലെന്നും വി.എസ് വ്യക്തമാക്കി. വിഷയം മുന്നണിയില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചതോടെ നിലപാടില്‍ ചെറിയ തിരുത്തലുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.
അതിരപ്പിള്ളി ചീമേനി പദ്ധതികളെക്കുറിച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന വിശദീകരണത്തോടെയാണ് കടകംപള്ളി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
പ്രസ്തുത പദ്ധതികള്‍ എന്നല്ല ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും നടപ്പിലാക്കും മുമ്പ് വിശദമായ പരിസ്ഥിതിയാഘാത പഠനങ്ങള്‍ നടത്തുകയും, പ്രദേശത്തെ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് ആശങ്കകളകറ്റുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ട് വച്ച പരിസ്ഥിതി സൗഹൃദ കേരളം എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇക്കാര്യത്തിലുമുള്ള നിലപാട്. മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിച്ചും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പൊതുജനതിന്റെയും അഭിപ്രായം കണക്കിലെടുത്തും മാത്രമേ ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.
വിഷയം ഭരണതലത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വ്യാപകമായ ചര്‍ച്ചയ്ക്കും വാക്കുതര്‍ക്കങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഇടതു അനുകൂലികളില്‍ ഒട്ടേറെപ്പേര്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പ് പരസ്യമാക്കി സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നു.
“ചാര്‍ജ്ജ് എടുത്ത് 3 ദിവസത്തിനകം അങ്ങ് അതിരപ്പള്ളി പദ്ധതിയുടെ ഫയലിലെ 2000 ലധികം വരുന്ന പേജിലെ പഠനങ്ങളും കേസ് രേഖകളും വായിച്ചു പഠിച്ച് മെറിറ്റില്‍ ഒരു തീരുമാനമെടുത്തത് അത്ഭുതാവഹമായ നേട്ടമാണ്. ഭരണത്തിലെ ഈ വേഗത ഉമ്മന്‍ചാണ്ടിക്കോ മോദിയ്‌ക്കോ പോലുമുണ്ടായിരുന്നില്ല. ഈ ഫയല്‍ പഠിയ്ക്കാന്‍ അങ്ങ് കഴിഞ്ഞ 3 രാത്രികളില്‍ ഉറങ്ങിക്കാണില്ല എന്ന് എനിക്കറിയാം.” ജനാധിപത്യ സര്‍ക്കാരില്‍ ഒരു മന്ത്രി ഒരു ഭരണ തീരുമാനം എടുക്കുന്നത് എത്രമാത്രം അനവധാനതയോടെയാണ്, ഫയല്‍ പോലും പഠിക്കാതെയാണ് എന്നത് ചൂണ്ടിക്കാണിച്ചതാണ് എന്ന വിശദീകരണത്തോടെ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“#dontwantathirapallyproject” എന്ന ഹാഷ്ടാഗില്‍ അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. എന്തായാലും അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാറും പരിസ്ഥിതി പ്രവര്‍ത്തകരും തമ്മിലുള്ള ആദ്യയുദ്ധമായി മാറിയിരിക്കുകയാണ്.